
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ആദ്യമായി ക്രിസ്തുമസ് കരോൾ, പുതുവത്സര ആഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. റിയാദ് ഡി.ക്യുവിടെ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം പ്രവാസി ഇന്ത്യൻ സമൂഹത്തിന് ആഹ്ലാദകരമായ ഒരു ചരിത്ര മുഹൂർത്തമായി. റിയാദിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയത്.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) അബു മാത്തൻ ജോർജ് തിരി തെളിച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഫസ്റ്റ് സെക്രട്ടറി വൈ. സബീർ ക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. മുഖ്യ അതിഥികളായി ശിഹാബ് കോട്ടുകാട്, സിയഖം ഖാൻ, ഡോ. സലീം, എംബസി ഉദ്യോഗസ്ഥർ, വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ഇന്ത്യൻ സമൂഹത്തിൽനിന്നുള്ളവർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എംബസി അങ്കണത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് റിയാദിലുള്ള കോൺഗ്രിഗേഷൻ ഗ്രൂപ്പുകൾ ചേർന്ന് മനോഹരമായ ക്രിസ്തുമസ് കരോൾ ഗാനങ്ങൾ ആലപിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന ക്രിസ്തുമസ് പരിപാടികൾ ആഘോഷത്തിന് നിറം പകർന്നു. സാന്താക്ലോസിെൻറയും, ക്രിസ്തുമസ് ട്രീയുടെയും സാന്നിധ്യവും ക്രിസ്തുമസ് കേക്കും അലങ്കാരങ്ങളും ആഘോഷങ്ങൾക്കു പൊലിമ പകർന്നു.
റവൽ ആൻറണി ഏബൽ, സതീഷ് കെ. ഡേവിഡ്, പ്രെഡിൻ അലക്സ് തോമസ്, അബി പോൾ യോഹന്നാൻ, ജോസഫ് ചാമവിള, ജസ്റ്റിൻ പുലിക്കൂട്ടിൽ, ലിയോ, സാബു തോമസ്, റോയ് സാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ എംബസിയിൽ ആദ്യമായി സംഘടിപ്പിച്ച ഈ ക്രിസ്തുമസ് കരോൾ, ന്യൂ ഇയർ ആഘോഷം ഇന്ത്യൻ സമൂഹത്തിെൻറ ഐക്യവും സൗഹൃദവും ആഘോഷിക്കുന്ന ഒരു മനോഹര മാതൃകയായി മാറി.
ഫോട്ടോ: റിയാദ് ഇന്ത്യൻ എംബസി ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്തുമസ് കരോൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam