
ഇന്ത്യയിൽ നിർമിക്കുന്ന എസ് യു - 30 എം കെ ഐ (സൂപ്പർ സുഖോയ്) യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അർമേനിയ ഉടൻ ഒപ്പിടുമെന്ന് റിപ്പോർട്ട്. അർമേനിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ ഇന്ത്യക്കും വലിയ നേട്ടമായിരിക്കും സമ്മാനിക്കുക. ഏകദേശം 3 ബില്യൺ ഡോളർ അഥവാ 26,628 കോടി രൂപ മൂല്യമുള്ള പ്രതിരോധ ഇടപാടാണ് ഇന്ത്യയും അർമേനിയയും തമ്മിൽ ഒപ്പുവയ്ക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ കരാർ യാഥാർത്ഥ്യമായാൽ ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമിക്കുന്ന അഡ്വാൻസ്ഡ് എസ് യു - 30 എം കെ ഐ യുദ്ധവിമാനങ്ങളാകും അർമേനിയക്ക് നൽകുക. ''സൂപ്പർ സുഖോയ്' അപ്ഗ്രേഡ് പ്രോഗ്രാമിന്റെ ഭാഗമായ ഈ വിമാനങ്ങളിൽ ഉത്തം എ ഇ എസ് എ റഡാർ, ആസ്ട്ര മിസൈലുകൾ, ഇലക്ട്രോണിക് വാർഫെയർ സിസ്റ്റങ്ങൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടും. ഉടൻ തന്നെ കരാർ ഒപ്പിട്ടാൽ 2027 ഓടെ അർമേനിയക്ക് വിമാനങ്ങൾ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
അസർബൈജാനുമായുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് അർമേനിയ, യുദ്ധവിമാനങ്ങൾക്കായി ഇന്ത്യയുമായി കൈകോർക്കുന്നത്. പാകിസ്താനിൽ നിന്ന് ജെ എഫ് - 17 സി യുദ്ധവിമാനങ്ങൾ വാങ്ങി അസർബൈജാൻ തങ്ങളുടെ വ്യോമശക്തി വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ 'ഗെയിം ചേഞ്ചർ' തേടി അർമേനിയയും തന്ത്രപരമായ നീക്കം ശക്തമാക്കിയത്. ഈ കരാർ അർമേനിയൻ വ്യോമസേനയെ ശക്തിപ്പെടുത്തുകയും പ്രദേശത്തെ സൈനിക സന്തുലനത്തെ മാറ്റിമറിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. 2024 ൽ തന്നെ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള താൽപ്പര്യം അർമേനിയ പ്രകടിപ്പിച്ചിരുന്നു.
റഷ്യൻ സുഖോയ് കോർപ്പറേഷൻ വികസിപ്പിച്ച വിമാനമാണെങ്കിലും ഇന്ത്യയ്ക്ക് ലൈസൻസോടെ നിർമിക്കാനും തദ്ദേശീയ സാങ്കേതികവിദ്യകൾ ചേർക്കാനും അവകാശമുണ്ട്. ഇന്ത്യൻ പതിപ്പിൽ മികച്ച ഏവിയോണിക്‌സ്, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ഉത്തം എ ഇ എസ് എ റഡാർ, കൂടുതൽ ആയുധശേഷി എന്നിവയുണ്ട്. റഷ്യൻ എസ് യു - 30 എസ് എ മ്മിന്റെ ഓപ്പറേഷണൽ റേഞ്ച് 15,000 കിലോമീറ്ററാണെങ്കിൽ ഇന്ത്യൻ എം കെ ഐയ്ക്ക് 16,000 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുണ്ട്. റഷ്യയുമായി അർമേനിയക്ക് പ്രതിരോധ ധാരണയുണ്ടെങ്കിലും യുക്രൈൻ യുദ്ധം മൂലം വിതരണം അനിശ്ചിതത്വത്തിലായി. ഇതാണ് സുഖോയ് യുദ്ധ വിമാനങ്ങൾക്കായി അർമേനിയ ഇന്ത്യയിലേക്ക് കണ്ണുവയ്ക്കാൻ കാരണം. എട്ട് മുതൽ 12 വരെ എം കെ ഐ വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് വാങ്ങാനാണ് അർമേനിയയുടെ പദ്ധതിയെന്നാണ് വിവരം.