
വെയ്ൽസ്: ഫ്ലോട്ടിങ് ടെറേർസ് എന്നറിയപ്പെടുന്ന കടൽ ജീവി കരയ്ക്കടിഞ്ഞതിനെത്തുടർന്ന് ബ്രിട്ടനിലെ വെയിൽസിലെ ബീച്ച് സന്ദർശകർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. ജെല്ലിഫിഷെന്ന് തോന്നിപ്പിക്കുന്ന ഈ ജീവിയെ തൊട്ടാൽ കുത്തേൽക്കുമെന്നും ഇത് അതി ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് മുന്നറിയിപ്പ്. അതിനാൽ ബീച്ചിലേക്ക് പോകുന്നത് തന്നെ ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അബെരാവോൺ, പെംബ്രോക്ക്ഷയർ, ഗ്വിനെഡ്, ആംഗ്ലെസി ബീച്ചുകളിൽ മുൻപ് ഈ ജീവി തീരത്തടിഞ്ഞിരുന്നു.
ഈ ജീവിയുടെ കുത്തേറ്റാൽ പനിയും ശ്വാസ തടസവും അടക്കം പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഈ ജീവിയിലൂടെ ശരീരത്തിലേക്ക് കടക്കുന്ന വിഷം ഗുരുതരമായ അലർജി പ്രശ്നങ്ങൾക്ക് കാരണമാകും. ഇവ ചത്തെന്ന് തോന്നിയാലും തൊടരുത്. അപ്പോഴും കുത്തേൽക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ കുത്തേറ്റാൽ കടൽവെള്ളം ഉപയോഗിച്ച് തന്നെ കുത്തേറ്റ ഭാഗം കഴുകണം. വൈദ്യസഹായം തേടണമെന്നും മുന്നറിയിപ്പുണ്ട്.
ഒറ്റ ജീവിയാണെന്ന് തോന്നുമെങ്കിലും കൂട്ടമായി നിൽക്കുന്ന ഒരു ജീവിവർഗമാണ് ഇവ. സമദ്രോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഇവ പലപ്പോഴും കടൽപ്പായകൾക്കിടയിൽ കുടുങ്ങാറുണ്ട്. നീന്താൻ കഴിയില്ലെങ്കിലും ശക്തമായ കാറ്റിൽ ഇവ തീരത്തടിയുന്നതാണ് പതിവ്. ഇവയെ തീരത്ത് നിന്ന് സുരക്ഷിതമായി നീക്കം ചെയ്യുമെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചിട്ടുണ്ട്.