
ബീജിങ്: ചൈനയുടെ സിങ്കപ്പൂരിലെ മുൻ അംബാസഡറും പ്രമുഖ നയതന്ത്ര ഉദ്യോഗസ്ഥയുമായ സുൻ ഹയാൻ കസ്റ്റഡിയിൽ. ഇവരെ ചൈനീസ് ഏജൻസികൾ ചോദ്യം ചെയ്യുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ മാസം ആദ്യം വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ലിയു ജിയാൻഷോ കസ്റ്റഡിയിലായതിന് പിന്നാലെയാണ് ഈ സംഭവം. ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര വകുപ്പിലെ ആദ്യ വനിതാ വൈസ് മിനിസ്റ്ററായിരുന്നു സുൻ ഹയാൻ. ലിയു ജിയാൻഷോയുമായി ബന്ധപ്പെട്ട കേസിലാണ് ഇവരും പിടിയിലായത് എന്നാണ് വിവരം.
എന്താണ് ഇവർക്കെതിരെയുള്ള കേസ് എന്നടക്കം യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. 2023 ൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങിൻ്റെ വിശ്വസ്തനായ ഖിൻ ഗാങ് ഇത്തരത്തിൽ പിടിയിലായതിന് ശേഷം ഇതാദ്യമായാണ് ചൈനീസ് ഭരണകൂടത്തിൻ്റെ നിഗൂഢ നീക്കത്തിൽ മറ്റ് രണ്ട് ഉന്നതർ കൂടി കസ്റ്റഡിയിലായിരിക്കുന്നത്.
സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക, അൾജീരിയ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തി മടങ്ങിയെത്തിയതിന് പിന്നാലെയാണ് ലിയു ജിയാൻഷോയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇദ്ദേഹത്തിൻ്റെ വീടും ഇതിനോട് അനുബന്ധിച്ച് പരിശോധിച്ചിരുന്നു. അമേരിക്കയുമായി നയതന്ത്ര ബന്ധം വഷളായിരിക്കെയാണ് ഇവർ ഇരുവരും ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത് എന്നതും പ്രധാനമാണ്.
ഓഗസ്റ്റ് ഒന്നിനാണ് സുൻ ഹയാനെ അവസാനമായി കണ്ടത്. 53 വയസുകാരിയായ ഇവർ 2022 മെയ് മാസം മുതൽ 2023 ജൂലൈ മാസം വരെ സിങ്കപ്പൂരിൽ ചൈനീസ് അംബാസഡറായിരുന്നു ഇവർ. ഈ സ്ഥാനത്ത് നിന്ന് മാറിയപ്പോൾ സിങ്കപ്പൂരിലെ ആഡംബര ഹോട്ടലിൽ 500 ഓളം പേർക്ക് ഇവർ വിരുന്നൊരുക്കിയിരുന്നു. 1997 ലാണ് ഇവർ ചൈനീസ് അന്താരാഷ്ട്ര വകുപ്പിൻ്റെ ഭാഗമായത്. ചൈനയിലെ ഹെബെ പ്രവിശ്യയിൽ ജനിച്ച സുൻ ഹയാങ് പെകിങ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയിരുന്നു. പിന്നീട് ജപ്പാനിലെ ക്യുഷു സർവകലാശാലയിലായിരുന്നു തുടർപഠനം.