രാത്രി ഇസ്രയേലിലേക്ക് ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ വർഷം, ജറുസലേമിൽ സിനഗോഗ് തകർന്നു; 9 പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരിക്ക്

Published : Mar 02, 2026, 12:27 AM IST
iran israel attack

Synopsis

ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലെ ജറുസലേമിൽ സിനഗോഗ് തകർന്നു. ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പ്രതികാരമായി നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ജറുസലേം: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയതിനുള്ള ഇറാന്‍റെ തിരിച്ചടി ശക്തമാകുന്നു. ഇന്ന് രാത്രി നടത്തിയ അതിശക്തമായ ബാലസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ കനത്ത നാശം. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ജറുസലേമിൽ സിനഗോഗ് തകർന്നു. 9 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ജറുസലേമിലെ ജനവാസ കേന്ദ്രത്തിൽ ബാലിസ്റ്റിക് മിസൈൽ നേരിട്ട് പതിച്ചതാണ് ആക്രമണത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിന് ശേഷം ഇസ്രായേലിനുള്ളിൽ സംഭവിക്കുന്ന ഏറ്റവും വലിയ നാശനഷ്ടമാണിത്. ജറുസലേമിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലയിലെ പാർപ്പിട സമുച്ചയത്തിന് മുകളിലാണ് മിസൈൽ നേരിട്ട് പതിച്ചതെന്നാണ് വിവരം. ആക്രമണത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തകരുകയും സമീപത്തെ സിനഗോഗിനും ബോംബ് ഷെൽട്ടറിനും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നാൽപ്പതോളം പേർക്ക് പരിക്കേറ്റതായും ഇതിൽ നാല് വയസ്സുള്ള കുട്ടിയടക്കം നാല് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പ്രതികാരമായി ഇറാൻ നടത്തുന്ന 'ഓപ്പറേഷൻ ട്രൂ പ്രോമിസ്' എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ ആക്രമണം. ഇറാന്റെ മിക്ക മിസൈലുകളെയും പ്രതിരോധ സംവിധാനങ്ങൾ തകർക്കുന്നുണ്ടെങ്കിലും എല്ലാത്തിനെയും തടയാൻ കഴിയില്ലെന്ന് ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഇസ്രായേലിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും പഠനം ഓൺലൈൻ വഴിയാക്കുകയും ചെയ്തിട്ടുണ്ട്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്.

അമേരിക്ക മാരക ബി 2 ബോംബർ പ്രയോഗിച്ചു

ഇറാനെതിരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ലോകത്തെ ഏറ്റവും മാരകമായ ബി 2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ബാലസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ യു എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. ഇറാന്റെ ആയുധ സംഭരണശാലകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ നീക്കം. ഇറാന്റെ പ്രത്യാക്രമണ ശേഷി ദുർബലമാക്കിയെന്നും വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രതികരണം, യുഎഇക്കെതിരായ ആക്രമണത്തെ അപലപിച്ചു; 'ഇന്ത്യക്കാരോടുള്ള കരുതലിന് യുഎഇ പ്രസിഡന്‍റിന് നന്ദി'
ആഞ്ഞടിച്ച് അമേരിക്ക, മാരക ബി 2 ബോംബർ പ്രയോഗിച്ചു, ഇറാന്‍റെ മിസൈൽ ശേഖരം തകർത്തെന്ന് അവകാശവാദം; 9 സൈനിക കപ്പലുകൾ തകർത്തെന്ന് ട്രംപ്