ബിന്‍ ലാദനെ കണ്ടെത്താന്‍ അമേരിക്കയ്ക്ക് സഹായം; പാകിസ്ഥാന്‍റെ കണ്ണില്‍ കരട്, ഇന്നും ഏകാന്ത തടവില്‍ ഈ ഡോക്ടര്‍

By Web TeamFirst Published Apr 28, 2021, 12:13 PM IST
Highlights

വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനികള്‍ക്കുള്ള സന്ദേശമാണ് ഷക്കീലിന്‍റെ ശിക്ഷയെന്നാണ് ബിന്‍ലാദന്‍ കൊല്ലപ്പെടുന്ന സമയത്തെ വാഷിംഗ്ടണിലെ പാകിസ്ഥാന്‍ അംബാസിഡറായിരുന്ന ഹുസൈന്‍ ഹഖാനിയുടെ പ്രതികരണം

വാക്സിന്‍ ക്യാംപയിനിലൂടെ അമേരിക്കന്‍ നേവി സീലുകള്‍ക്ക് ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ സഹായിച്ച പാകിസ്ഥാന്‍ ഡോക്ടര്‍ ഷക്കീല്‍ അഫ്രീദി ഏകാന്ത തടവില്‍ തുടരുന്നു. ഒസാമ ബിന്‍ ലാദന്‍ യുഗത്തിന് അന്ത്യമൊരുക്കാന്‍ സഹായിച്ച ഈ ഡോക്ടര്‍ക്ക്  അമേരിക്കയില്‍ ഹീറോ പരിവേഷവും പാകിസ്ഥാനില്‍ ഒറ്റുകാരന്‍റെ പരിവേഷവുമാണുള്ളത്. നേവി സീലുകള്‍ ഒസാമ ബിന്‍ ലാദനെ വെടിവച്ച് വീഴ്ത്തിയതിന് ഒരു ദശാബ്ദത്തിന് ശേഷവും മധ്യ പഞ്ചാബ് പ്രവിശ്യയിലെ സാഹിവാല്‍ ജയിലില്‍ ഏകാന്ത തടവിലാണ് ഷക്കീല്‍ അഫ്രീദിയുള്ളത്. അബോട്ടാബാദിലെ ബിന്‍ലാദന്‍റെ ഒളിസങ്കേതം കൃത്യമായി കണ്ടെത്താന്‍ സിഐഎയെ സഹായിച്ചതാണ് ഷക്കീല്‍ അഫ്രീദി ചെയ്ത കുറ്റം.

വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനികള്‍ക്കുള്ള സന്ദേശമാണ് ഷക്കീലിന്‍റെ ശിക്ഷയെന്നാണ് ബിന്‍ലാദന്‍ കൊല്ലപ്പെടുന്ന സമയത്തെ വാഷിംഗ്ടണിലെ പാകിസ്ഥാന്‍ അംബാസിഡറായിരുന്ന ഹുസൈന്‍ ഹഖാനി എഎഫ്പിയോട് പറയുന്നത്. പാകിസ്ഥാനിലെ ഒസാമ ബിന്‍ ലാദന്‍റെ സാന്നിധ്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് പകരമായി അധികൃതര്‍ ഷക്കീല്‍ അഫ്രീദിയെ ബലിയാടാക്കുകയായിരുന്നു. തന്‍റെ അഭിഭാഷകരോടും വീട്ടുകാരോടും അല്ലാതെ മറ്റാരോടും സംസാരിക്കാന്‍ തടവിലുള്ള ഷക്കീല്‍ അഫ്രീദിക്ക് ഇല്ല. ചെറിയ സെല്ലില്‍ നടക്കുന്നതും ഇടയ്ക്ക് പുഷ് അപ്പ് ചെയ്യുന്നതുമാണ് ഷക്കീല്‍ അഫ്രീദിയുടെ ദിനചര്യയെന്നാണ് കുടുംബത്തെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖുറാന്‍ അല്ലാതെ മറ്റ് ബുക്കുകള്‍ ഒന്നും കൈവശം വക്കാന്‍ ഷക്കീല്‍ അഫ്രീദിക്ക് അനുമതിയില്ല. സുരക്ഷാ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തില്‍ ഷേവ് ചെയ്യാന്‍ ഷക്കീല്‍ അഫ്രീദിക്ക് അനുമതിയുണ്ട്. എന്നാല്‍ മറ്റ് തടവുകാരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ ശക്തമായ വിലക്കാണ് ഷക്കീല്‍ അഫ്രീദിക്കുള്ളത്. രണ്ട് മാസത്തിലൊരിക്കല്‍ കുടുംബത്തിലുള്ളവരെ കാണാം. പക്ഷേ വലിയ ഇരുമ്പ് ഗേറ്റുകള്‍ക്ക് ഇരുവശമിരുന്നുള്ള സംസാരം പ്രാദേശിക ഭാഷയായ പഷ്തുവില്‍ ആവാന്‍ പാടില്ല. രാഷ്ട്രീയകാര്യങ്ങള്‍ ഷക്കീലുമായി സംസാരിക്കുന്നതിന് ബന്ധുക്കള്‍ക്ക് വിലക്കുണ്ടെന്നാണ് സഹോദരന്‍ എഎഫ്പിയോട് പറയുന്നത്.

ആക്രമിക്കുന്നതിന് മുന്‍പ് അബോട്ടാബാദില്‍ ബിന്‍ലാദന്‍ ഉണ്ടോയെന്ന കാര്യത്തിന് അമേരിക്കയ്ക്ക് തെളിവ് അത്യാവശ്യമായിരുന്നു. ഇതിനായി വാക്സിന്‍ ക്യാംപയിനിലൂടെ മേഖലയിലുള്ളവരുടെ രക്ത സാംപിളുകള്‍ ഷക്കീല്‍ അഫ്രീദി ശേഖരിക്കുകയായിരുന്നു. ബിന്‍ലാദന്‍ കഴിഞ്ഞിരുന്ന വീടിന് നേരെ ആക്രമണമുണ്ടായി ആഴ്ചകള്‍ പിന്നിട്ടതോടെ പാകിസ്ഥാന്‍ ഷക്കീല്‍ അഫ്രീദിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമേരിക്കയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഒന്നുമായും ഷക്കീല്‍ അഫ്രീദിക്ക് ബന്ധം തെളിയിക്കാന്‍ ആയില്ലെങ്കിലും കലാപകാരികള്‍ക്ക് പണം നല്‍കിയെന്ന കുറ്റത്തിനാണ് 33 വര്‍ഷത്തെ തടവ് ശിക്ഷ ഷക്കീല്‍ അഫ്രീദിക്ക് വിധിച്ചത്.

ഷക്കീലിന്‍റെ തുടരുന്ന ശിക്ഷ സംബന്ധിച്ച് അമേരിക്ക പ്രതിഷേധിച്ചിരുന്നു. തടവുകാരനെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് സംസാരിച്ചെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം അവസാനിപ്പിച്ചുള്ള പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രസ്താവനയില്‍ ഷക്കീല്‍ അഫ്രീദിയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് അഫ്രീദിയെ രക്ഷിക്കുകയായിരുന്നു അറസ്റ്റെന്നാണ് പാക് ചാര ഏജന്‍സിയുടെ മുന്‍ തലവനായിരു്നനു അസാദി ദുറാനി പറയുന്നത്. 
 

 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

click me!