
അബുദാബി: യുഎഇ ജനതയ്ക്ക് കരുത്തുറ്റ സന്ദേശവുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഎയിൽ എല്ലാം സാധാരണ നിലയിലാണെന്നും മുൻപത്തേതിനേക്കാൾ കരുത്തോടെ രാജ്യം ഉയരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. അബുദാബി ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് യുഎഇ പ്രസിഡന്റ് ആദ്യ സന്ദേശം നൽകിയത്.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ശത്രുക്കൾക്ക് ശൈഖ് മുഹമ്മദ് മുന്നറിയിപ്പ് നൽകി. യുഎഇ മനോഹരമായ നാടാണ്. അത് കണ്ട് തെറ്റിദ്ധരിക്കരുത്. ഞങ്ങൾ എളുപ്പം കീഴടക്കാവുന്ന ഇരകൾ അല്ലെന്നും യുഎഇയുടെ അകം കരുത്തുറ്റതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ രാജ്യത്തിനൊപ്പം ഒരുമിച്ച് നിൽക്കുന്നു. യുഎഇ ഒരു മാതൃകയാണ്. പ്രവാസികളും ഞങ്ങളുടെ കുടുംബമാണ്. മുൻപത്തേതിനേക്കാൾ കരുത്തോടെ രാജ്യം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിൽ എല്ലാം സാധാരണ നിലയിൽ എത്തിയിരിക്കുന്നു. അതിഥികളും പ്രവാസികളും നല്ല നിലപാട് സ്വീകരിച്ചു. ജനങ്ങളെ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ കടമയാണെന്നും ശൈഖ് മുഹമ്മദ് അബുദാബി ടീവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അയൽ രാജ്യങ്ങളുമായി ഒരു പ്രശ്നമില്ലെന്നും തങ്ങളെ ആക്രമിക്കാൻ അയൽ രാജ്യങ്ങളിലെ സ്ഥലങ്ങൾ ഉപയോഗിക്കാതിരുന്നാൽ തിരിച്ച് ആക്രമിക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനുപിന്നാലെ ഇറാന്റെ സമ്പൂർണ നാശം പരിഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇന്നേവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സൗദിയിലും ബഹ്റൈനിലും ആക്രമണങ്ങൾ തുടരുകയാണ്. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ആക്രമണം ഉണ്ടായി. ആളൊഴിഞ്ഞ മേഖലയിൽ മിസൈൽ വീണു. കൂടാതെ, ഇറാൻ ആക്രമണത്തിൽ ബഹ്‌റൈൻ മനാമയിലെ വീടിനും കെട്ടിടങ്ങൾക്കും തീപിടുത്തം ഉണ്ടായി. ബഹറൈനിലെ ജുഫൈർ അമേരിക്കൻ താവളത്തിൽ നിന്ന് ഇറാനിലേക്ക് ആക്രമണമുണ്ടായെന്ന് ഐആർജിസി വ്യക്തമാക്കി. തിരിച്ചടിച്ചെന്ന് ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം, കുവൈത്ത് പെട്രോളിയം എണ്ണ ഉത്പാദനം കുറച്ചതായി അറിയിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണെന്നാണ് അറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam