
സിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ വെടിവയ്പിൽ അക്രമികളിലൊരാളെ കീഴ്പ്പെടുത്തുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ചയുണ്ടായ വെടിവയ്പിൽ 11 പേരാണ് കൊലപ്പെട്ടിട്ടുള്ളത്. അക്രമി 50 റൗണ്ടുകളിലേറെ വെടിയുതിർത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഒരു മരത്തിന് പിന്നിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുന്ന ആക്രമിയെ പിന്നിൽ നിന്ന് വെള്ള ടീ ഷർട്ട് ധരിച്ചെത്തിയ യുവാവ് കീഴടക്കുന്ന ദൃശ്യങ്ങളാണ് ബോണ്ടി ആക്രമണത്തിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അക്രമിയിൽ നിന്ന് തോക്ക് തട്ടിയെടുത്തതിന് പിന്നാലെ അക്രമി ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. രണ്ട് അക്രമികളാണ് സിഡ്‌നിയുടെ കിഴക്കൻ തീരത്തെ ബോണ്ടി ബീച്ചിൽ ജൂത വിഭാഗത്തിലുള്ളവരുടെ ഹനൂക്ക ആഘോഷത്തിനിടയിലേക്ക് വെടിയുതിർത്തത്. 29 ലേറെ പേർക്ക് വെടിവയ്പിൽ പരിക്കേറ്റതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആയിരത്തിലേറെ ജൂതമത വിശ്വാസികളാണ് ഹനൂക്ക ആഘോഷത്തിനായി ബോണ്ടി ബീച്ചിൽ ഒത്തുകൂടിയത്. അക്രമികളിലൊരാളെ വെടിവച്ച് കൊലപ്പെടുത്തി. രണ്ടാമന് വെടിയേറ്റ് ഗുരുതര പരിക്കുകളേറ്റതായാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. അക്രമികളെത്തിയതെന്ന് സംശയിക്കുന്ന സ്ഫോടക വസ്തുക്കൾ വച്ച കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആയുധ ധാരിയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ യുവാവ് യഥാർത്ഥ ധീരനെന്നാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ്റ്റഫർ ജോൺ മിൻസ് വിശദമാക്കിയത്. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഓസ്ട്രേലിയയിൽ അസാധാരണ സംഭവങ്ങളാണ്.
അക്രമിയെ തിരിച്ചറിഞ്ഞതായും എന്തെങ്കിലും പ്രത്യേക കാരണം കൊണ്ടാണ് വെടിവയ്പെന്ന് വ്യക്തമല്ലെന്നുമാണ് നിലവിൽ പൊലീസ് പ്രതികരിച്ചിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ അക്രമികളുണ്ടോയെന്നത് പരിശോധിക്കുന്നതായാണ് അധികൃതർ വിശദമാക്കുന്നത്. അക്രമികൾ ഒന്നിലേറെ തോക്കുകൾ ഉപയോഗിച്ച് ഒരേ സമയം വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വിശദമാക്കുന്നത്. ഐഇഡി സ്ഫോടക വസ്തുക്കളാണ് അക്രമികളെത്തിയ കാറിനുള്ളിൽ കണ്ടെത്തിയിട്ടുള്ളത്. അക്രമികൾ ആളുകൾക്ക് നൂറ് മീറ്ററോളം അടുത്തെത്തിയാണ് വെടിയുതിർക്കാൻ ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam