
ടെക്സാസ്: ടെക്സാസിലെ ഫ്ലവർ മൗണ്ടിൽ ഒരു ഡോർഡാഷ് ഡെലിവറി ഡ്രൈവറെ ഒരു സ്ത്രീ വംശീയമായി അധിക്ഷേപിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. ഡ്രൈവർ തന്നെ ടിക്‌ടോക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കുവെച്ച ഈ വീഡിയോക്ക് ഇതിനോടകം മൂന്ന് ലക്ഷത്തിലധികം വ്യൂസുകൾ ലഭിച്ചു. വീഡിയോയിൽ, ടോണ്യ ചാഡ്‌വെൽ എന്ന സ്ത്രീ ഡ്രൈവറെ വംശീയമായി അധിക്ഷേപിക്കുകയും നിയമവിരുദ്ധയാണെന്ന് മുദ്രകുത്തുന്നുമുണ്ട്. 'നിങ്ങളുടെ ഭാഷ മെക്സിക്കോയിൽ പോയി സംസാരിക്കുക' എന്ന് ആക്രോശിക്കുകയും ചെയ്യുന്നു.
ഡ്രൈവർ ഡെലിവറിക്കായി കാറിൽ തയാറെടുക്കുന്നതിനിടെയാണ് സംഭവം. എന്താണ് തർക്കത്തിന് കാരണമായതെന്ന് വ്യക്തമല്ല. "നിങ്ങൾ ഫ്ലവർ മൗണ്ടിൽ താമസിക്കുന്നില്ല, എന്നിട്ടും ഡോർഡാഷ് ചെയ്യുന്നു," എന്ന് ആക്രോശിച്ചുകൊണ്ട് സ്ത്രീ ഡ്രൈവറോട് ആക്രോശിക്കുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. 'നിങ്ങൾക്കറിയാമോ, ഒരു നിയമവിരുദ്ധ കാറുമായി ഇവിടെ ഉണ്ടാവാൻ നിങ്ങൾക്ക് എന്ത് അവകാശമാണ് ഉള്ളത്?' എന്ന് അവർ ചോദിക്കുന്നു. ഡ്രൈവർ മറുപടി പറഞ്ഞപ്പോൾ, 'ഇംഗ്ലീഷ് സംസാരിക്കില്ലേ' എന്ന് സ്ത്രീ പരിഹസിച്ചു. 'സംസാരിക്കും' ഡ്രൈവർ മറുപടി നൽകിയപ്പോൾ 'എങ്കിൽ സംസാരിക്ക്... നിങ്ങളുടെ ഭാഷ മെക്സിക്കോയിൽ പോയി സംസാരിക്കുക' എന്ന് സ്ത്രീ അലറി.
തർക്കത്തിനിടെ, സ്ത്രീ തന്‍റെ ഫോൺ എടുത്ത് ഡ്രൈവറെ റെക്കോർഡ് ചെയ്യുകയും ലൈസൻസ് പ്ലേറ്റിന്‍റെ ചിത്രമെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ലൈസൻസ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ, താൻ പോലീസ് ഓഫീസറാണോ എന്ന് ഡ്രൈവർ തിരികെ ചോദിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വൈറൽ വീഡിയോയിലെ സ്ത്രീ 58 വയസുള്ള ഫ്ലവർ മൗണ്ട് നിവാസിയായ ടോണ്യ ചാഡ്‌വെൽ ആണെന്ന് തിരിച്ചറിഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ, ടോണ്യയുടെ മകൾ ടേ ചാഡ്‌വെൽ ഫേസ്ബുക്കിൽ ക്ഷമ ചോദിച്ചിട്ടുണ്ട്. അമ്മയുടെ പെരുമാറ്റത്തിൽ തനിക്ക് ലജ്ജയും ദുഃഖവുമുണ്ടെന്നും, ഇത്തരം പെരുമാറ്റത്തെ താൻ അംഗീകരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. 'ഇത്തരം പെരുമാറ്റം, ആക്രമണോത്സുകത, എന്‍റെ ഹിസ്പാനിക് കാമുകനോടുള്ള വംശീയത എന്നിവ കാരണം ഞാനും അമ്മയും കുറച്ചുകാലമായി സംസാരിക്കാറില്ല' എന്നും ടേ ചാഡ്‌വെൽ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഉൾപ്പെട്ട ആരും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് ഫ്ളവർ മൗണ്ട് പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. അതേസമയം, ടോണ്യ ചാഡ്‌വെല്ലിന്‍റെ പെരുമാറ്റത്തെ വിമർശിച്ച് മേയർ ചെറിൽ മൂർ രംഗത്ത് വന്നു. 80,000-ത്തോളം ജനസംഖ്യയുള്ള ഫ്ലവർ മൗണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹമാണെന്നും അവർ പറഞ്ഞു.
വീഡിയോ വൻ പ്രതിഷേധത്തിന് കാരണമായി. 'മാഡം, ഒരു ഡോർഡാഷ് ഡ്രൈവറോട് അലറുന്നത് 'അതിർത്തി സംരക്ഷിക്കലല്ല'. ഇത് നമ്മളെയെല്ലാം നാണം കെടുത്തുകയാണ്," എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. 'മെക്സിക്കൻ പൈതൃകത്തിൽ പടുത്തുയർത്തിയ ടെക്സാസിൽ താമസിച്ചുകൊണ്ട്, ഇംഗ്ലീഷ് സംസാരിക്കാത്തതിന് ഒരാളോട് 'മെക്സിക്കോയിലേക്ക് തിരിച്ചുപോകാൻ' പറയുന്നത് സങ്കൽപ്പിക്കുക," മറ്റൊരാൾ കമന്റ് ചെയ്തു. "ഇതാണ് ക്ലാസിക് ടെക്സാസ് മര്യാദ: അടിസ്ഥാന മനുഷ്യ മര്യാദ മറന്ന് മറ്റുള്ളവരോട് അവരുടെ ഭാഷ സംസാരിക്കാത്തതിന് ആക്രോശിക്കുക," മൂന്നാമതൊരാൾ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam