ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് വേണ്ടി ശവപ്പെട്ടി വാങ്ങി മകൻ; 2.4 ലക്ഷം മുടക്കി ഘോഷയാത്രയാക്കി വീട്ടിലെത്തിച്ചു, കാരണം വിചിത്രം

Published : Jul 13, 2025, 05:21 AM IST
coffin

Synopsis

ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ 70 വയസുകാരിയായ അമ്മയ്ക്ക് മകൻ ശവപ്പെട്ടി വാങ്ങി നൽകി. അമ്മയ്ക്ക് ഭാഗ്യവും ദീർഘായുസും നൽകുമെന്ന വിശ്വാസത്തിലാണ് ഈ പ്രവൃത്തി. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി.

ബീജിംഗ്: ജീവിച്ചിരിക്കുന്ന 70 വയസുകാരിയായ അമ്മയ്ക്ക് ശവപ്പെട്ടി വാങ്ങി മകൻ. ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു യുവാവ് ഈ വിചിത്ര കാര്യം ചെയ്തത്. ശവപ്പെട്ടി കടയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരാൻ 16 പേരെ മകൻ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ അസാധാരണമായ പ്രവൃത്തി ഓൺലൈനിൽ വലിയ ചര്‍ച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

തെക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഡെയിലെ താവോയുവാൻ കൗണ്ടിയിലെ ഷുവാങ്‌സി കൗ ടൗണിലെ താമസക്കാരനാണ് പേര് വെളിപ്പെടുത്താത്ത ഈ യുവാവ്. ഇങ്ങനെ ചെയ്യുന്നത് അമ്മയ്ക്ക് ഭാഗ്യവും ദീർഘായുസും നൽകുമെന്ന വിശ്വാസത്തിലാണ് ഇദ്ദേഹം ഈ പ്രവൃത്തി ചെയ്തതെന്നാണ് റിപ്പോർട്ട്. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡൂയിനിൽ ആണ് ഈ വീഡിയോ പ്രചരിച്ചത്.

വ്യാപകമായി പ്രചരിച്ച വീഡിയോയിൽ, പ്രസന്നയായ വയോധിക ഒരു ഫാനുമേന്തി ശവപ്പെട്ടിക്കുള്ളിൽ ഇരിക്കുന്നതും ആളുകൾ അത് ഘോഷയാത്രയായി കൊണ്ടുപോകുന്നതും കാണാം. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഘോഷയാത്രയ്ക്ക് മുന്നിൽ ഒരു ബാൻഡ് അകമ്പടി സേവിച്ചു. ഇത് കാണാൻ വലിയ ജനക്കൂട്ടം തടിച്ചുകൂടി. വീട്ടിലെത്തിയ ശേഷം ചന്ദനത്തിരികളും വഴിപാടുകളും അർപ്പിച്ചുകൊണ്ടുള്ള ഒരു പരമ്പരാഗത ചടങ്ങും നടന്നു. സമാനമായ സംഭവങ്ങൾ താൻ ഇതിനുമുമ്പ് മൂന്ന് തവണ കണ്ടിട്ടുണ്ടെന്ന് ഒരു ഗ്രാമീണൻ പറഞ്ഞു.

ഈ ചടങ്ങിന്‍റെ പ്രധാന ആശയം മാതാപിതാക്കളോടുള്ള ഭക്തി പ്രകടിപ്പിക്കുക എന്നതാണ്. ഇത് ഒരു ഗ്രാമീണ ആചാരമാണ്. പ്രായമായവർക്ക് ഇത് സാധാരണയായി വളരെ സന്തോഷം നൽകുന്ന ഒന്നാണ്, പക്ഷേ ഇത് ഈ ദിവസങ്ങളിൽ അത്ര സാധാരണ കാഴ്ചയല്ലെന്ന് ഗ്രാമീണർ പറയുന്നു. ഈ ചടങ്ങിന് ഏകദേശം 2,800 ഡോളർ (ഏകദേശം 2.4 ലക്ഷം രൂപ) ചെലവ് വരും. വിരുന്ന്, വാദ്യക്കാർ, ശവപ്പെട്ടി ചുമക്കുന്നവർ എന്നിവരുടെയെല്ലാം ചെലവ് ഇതിൽ ഉൾപ്പെടുന്നു.

ചൈനീസ് സംസ്കാരത്തിൽ, ശവപ്പെട്ടികൾ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ജീവിച്ചിരിക്കുന്ന പ്രായമായ ആളുകൾക്ക് ശവപ്പെട്ടിയിൽ ഇരിക്കാൻ അവസരം നൽകുന്നത് അനുഗ്രഹങ്ങൾ, ദീർഘായുസ്, സമാധാനം എന്നിവ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. പല ഗ്രാമങ്ങളിലും 70 വയസിന് മുകളിലുള്ളവർ സ്വന്തമായി ശവപ്പെട്ടികൾ തയ്യാറാക്കുകയും അവ വീട്ടിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ചൈനീസ് ശവസംസ്കാര ചടങ്ങുകളിൽ നിരവധി അന്ധവിശ്വാസങ്ങളുണ്ട്. ആത്മാവിനെ സംരക്ഷിക്കാൻ കണ്ണാടികൾ മൂടുന്നതും ശവപ്പെട്ടിയുടെ അടുത്തായി കരയുന്നത് ഒഴിവാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ശവപ്പെട്ടിയുടെ ദിശ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നു. ശവസംസ്കാര ഘോഷയാത്ര ഗംഭീരമായിരിക്കും. പലപ്പോഴും സംഗീതത്തിന്‍റെ അകമ്പടിയോടെയാണ് ഇത് നടത്തുന്നത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം