
മാഡ്രിഡ്: ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കുചേരില്ലെന്ന നിലപാട് വ്യക്തമാക്കി സ്പെയിൻ. ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെയിൻ പ്രതിരോധ-വിദേശകാര്യ മന്തിമാർ ഈ തീരുമാനം അറിയിച്ചത്. നിലവിലെ സംഘർഷം അവസാനിപ്പിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും, അല്ലാതെ താത്കാലിക പരിഹാരങ്ങൾക്കല്ല സ്പെയിൻ പ്രാധാന്യം നൽകുന്നതെന്നും പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് വ്യക്തമാക്കി.
പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യസർക്കാർ, സഖ്യകക്ഷികളുടെ ഇറാനെതിരായ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. തെക്കൻ സ്പെയിനിലെ സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് അമേരിക്കൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും സ്പെയിൻ ഒരിക്കലും ഇത്തരം സൈനിക നടപടികളെ അംഗീകരിക്കില്ലെന്നും റോബിൾസ് വ്യക്തമാക്കിയിരുന്നു.
ഹോർമുസ് കടലിടുക്കിലെ സാഹചര്യം യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. സാമ്പത്തിക താൽപ്പര്യങ്ങൾ എന്തുതന്നെയായാലും യുദ്ധം അവസാനിപ്പിക്കുക എന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ സ്വീകരിക്കേണ്ടതെന്ന് ബ്രസൽസിൽ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സാഹചര്യം കൂടുതൽ വഷളാക്കുന്നതോ സംഘർഷം വർദ്ധിപ്പിക്കുന്നതോ ആയ ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam