
ന്യൂഡല്‍ഹി: സ്വിറ്റ്സര്‍ലന്റിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതിനോടകം വിസ ലഭിച്ചു കഴിഞ്ഞിട്ടില്ലെങ്കില്‍ യാത്ര മാറ്റി വെയ്ക്കേണ്ടി വരും. നിലവില്‍ ഇന്ത്യക്കാരില്‍ നിന്ന് ഷെങ്കന്‍ വിസ അപേക്ഷകള്‍ സ്വീകരിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അപേക്ഷകളുടെ ബാഹുല്യം കാരണം അവയില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് എംബസി വിശദീകരിക്കുന്നു.
പുതിയ വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതിനാല്‍ യാത്രാ പദ്ധതികള്‍ നീട്ടിവെയ്ക്കാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷെങ്കന്‍ രാജ്യങ്ങളിലെല്ലാം വിനോദ സഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങള്‍ക്കോ പ്രവേശിക്കാനും 90 ദിവസം വരെ തങ്ങാനും ഈ രാജ്യങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതി നല്‍കുന്ന വിസയാണ് ഷെങ്കന്‍ വിസകള്‍. 90 ദിവസമാണ് ഇവയുടെ കാലാവധി. 26 യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ള ഷെങ്കന്‍ വിസയെയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകാനുദ്ദേശിക്കുന്ന സന്ദര്‍ശകര്‍ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ പലപ്പോഴും കടുത്ത നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ വിസകള്‍ അനുവദിക്കുന്നത്. സമര്‍പ്പിക്കുന്ന രേഖകളിലെ ചെറിയ പിഴവുകള്‍ വരെ വിസാ അപേക്ഷകള്‍ നിരസിക്കപ്പെടാന്‍ കാരണമാവും.
വിസാ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാവുമ്പോഴും അവ കൈകാര്യം ചെയ്യാന്‍ വേണ്ടത്ര ജീവനക്കാര്‍ ഡല്‍ഹിയിലെ സ്വിസ് എംബസിയില്‍ ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതാണ് നിലവില്‍ പുതിയ വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നത് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍. ചൈനയില്‍ നിന്ന് ഷെങ്കന്‍ വിസകള്‍ അനുവദിക്കുന്ന കാര്യത്തിലും സമാനമായ പ്രതിസന്ധിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്ന വിവരം സ്വിസ് ഫോറിന്‍ അഫയേഴ്‍സ് ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam