
ഇസ്ലാമാബാദ്: മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ നടന്ന ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാതെ താലിബാൻ. ഉച്ചകോടിയിൽ പങ്കെടുക്കാനായി താലിബാൻ ഭരണകൂടത്തിന് ഔദ്യോഗിക ക്ഷണം നൽകിയിരുന്നെങ്കിലും ആരും പങ്കെടുത്തില്ലെന്ന് പാകിസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഖാലിദ് മഖ്ബൂൽ സിദ്ദിഖി പറഞ്ഞു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അവരുടെ ശബ്ദവും അവരുടെ ഇഷ്ടങ്ങളും ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പെൺകുട്ടികൾക്ക് തുല്യമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള മുസ്ലീം ലോകം കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ശോഭനമായ ഭാവിക്കുള്ള പെൺകുട്ടികളുടെ അവകാശം നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെ ഒരേ വേദിയിൽ ഒരുമിച്ച് കൊണ്ടുവരാൻ ഉച്ചകോടിയിലൂടെ സാധിച്ചു. എന്നാൽ, പാകിസ്ഥാൻ്റെ അയൽരാജ്യമായിട്ടും അഫ്ഗാനിസ്ഥാൻ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
പെൺകുട്ടികളെ സ്കൂളിൽ പോകുന്നതിൽ നിന്ന് വിലക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്ഥാൻ എന്നതാണ് ശ്രദ്ധേയം. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാൻ്റെ ഭരണം കൈക്കലാക്കിയതിന് പിന്നാലെ ആറാം ക്ലാസിന് ശേഷമുള്ള വിദ്യാഭ്യാസത്തിൽ നിന്ന് പെൺകുട്ടികളെ വിലക്കിയിരുന്നു. പല ജോലികളിലും മിക്ക പൊതു ഇടങ്ങളിലും താലിബാൻ സ്ത്രീകളെ വിലക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കുന്നതുൾപ്പെടെ ശരീരം മുഴുവൻ മൂടണമെന്നും താലിബാൻ നിർബന്ധമാക്കിയിരുന്നു.
READ MORE: റെയില്‍വേ ഗേറ്റിന് സമീപം അപകടം; ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam