അന്യപുരുഷന്മാർ തൊടരുതെന്ന് താലിബാൻ നിയമം; തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി സ്ത്രീകൾ, ചികിത്സിക്കാൻ വനിത ഡോക്ടർമാരില്ല

Published : Sep 06, 2025, 11:18 AM IST
afghan earthquake

Synopsis

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ താലിബാന്റെ നിയമങ്ങൾ സ്ത്രീകളുടെ രക്ഷാപ്രവർത്തനത്തിന് തടസമായി. പുരുഷ രക്ഷാപ്രവർത്തകർക്ക് സ്ത്രീകളെ സ്പർശിക്കാൻ കഴിയാത്തതിനാൽ പലരും കുടുങ്ങിക്കിടന്നു. 

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 2,200 കടക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തതോടെ ഏറ്റവും ദുരിതത്തിലായത് അഫ്ഗാൻ സ്ത്രീകൾ. താലിബാൻ ഏർപ്പെടുത്തിയ കടുത്ത നിയമങ്ങളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അഫ്ഗാൻ രീതികളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസമായി. ഈ നിയമങ്ങൾ കാരണം സ്ത്രീകളെ രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ അവരെ രക്ഷിക്കാൻ വൈകുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകൾ വരുന്നത്.

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ നടപ്പിലാക്കിയ കർശനമായ സാംസ്കാരിക, മതപരമായ നിയമങ്ങൾ അനുസരിച്ച്, ഒരു സ്ത്രീയെ അവളുടെ അടുത്ത പുരുഷ ബന്ധുവായ അച്ഛനോ, സഹോദരനോ, ഭർത്താവോ, മകനോ മാത്രമേ സ്പർശിക്കാൻ പാടുള്ളൂ. അതുപോലെ, സ്ത്രീകൾക്ക് അവരുടെ കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരെ സ്പർശിക്കുന്നതിനും വിലക്കുണ്ട്.

സ്ത്രീകളെ വൈദ്യവിദ്യാഭ്യാസത്തിൽ നിന്നും മറ്റ് പൊതു ഇടങ്ങളിൽ നിന്നുമുള്ള താലിബാൻ വിലക്കിയതിനാല്‍ രാജ്യത്ത് വനിതാ രക്ഷാപ്രവർത്തകർ ഇല്ല. ഇത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷാപ്രവർത്തകർക്ക് തൊടാൻ കഴിയാത്തതിനാൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടായി."അവർ ഞങ്ങളെ ഒരു മൂലയിൽ ഉപേക്ഷിച്ചു, ഞങ്ങളെ മറന്നു," അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലെ ഗ്രാമത്തിൽ ഭൂകമ്പം ഉണ്ടായി 36 മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തകർ എത്തിയതിനെക്കുറിച്ച് ബിബി ആയിഷ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

ആയിഷയും മുറിവേറ്റ മറ്റ് സ്ത്രീകളും പെൺകുട്ടികളും അവഗണിക്കപ്പെട്ടു. ചില സ്ത്രീകൾക്ക് രക്തം വരുന്നുണ്ടായിരുന്നെങ്കിലും ആരും അവരെ സഹായിക്കാനോ എന്താണ് വേണ്ടതെന്ന് ചോദിക്കാനോ അടുത്ത് പോവുകയോ ചെയ്തില്ല. മസർ ദാറ ഗ്രാമത്തിലെ 33-കാരനായ തഹ്സീബുല്ല മുഹാസിബ്, സ്ത്രീകളുടെ ദുരിതത്തെക്കുറിച്ച് വിവരിച്ചു. സാംസ്കാരികപരമായ പ്രത്യാഘാതങ്ങൾ ഭയന്ന് പുരുഷ രക്ഷാപ്രവർത്തകർ സ്ത്രീകളെ സ്പർശിക്കാൻ മടിച്ചതിനാൽ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകൾക്ക് രക്ഷയ്ക്കായി ഏറെ നേരം കാത്തിരിക്കേണ്ടി വന്നുവെന്നാണ് അവര്‍ പറയുന്നത്.

ചില സന്ദർഭങ്ങളിൽ, സമീപ ഗ്രാമങ്ങളിലെ സ്ത്രീകൾ സഹായത്തിനെത്തുന്നത് വരെ സ്ത്രീകളായ ഇരകൾ അവശിഷ്ടങ്ങൾക്കടിയിൽ തന്നെ കിടന്നു. പുരുഷന്മാരെയും കുട്ടികളെയും ആദ്യം ചികിത്സിച്ചപ്പോൾ, സ്ത്രീകൾ അകലെയിരുന്ന് കാത്തിരിക്കുകയായിരുന്നു. കൂടെ ഒരു പുരുഷ ബന്ധു ഇല്ലെങ്കിൽ മരിച്ച സ്ത്രീകളെ ശരീരത്തിൽ സ്പർശിക്കാതെ വസ്ത്രത്തിൽ പിടിച്ച് വലിച്ചാണ് പുറത്തെടുത്തതെന്നും അവര്‍ കൂട്ടിച്ചേർത്തു.

അഫ്ഗാനില്‍ റിക്ടര്‍ സ്കെയിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,200-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 3,600 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ദുരന്തം താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ നേരിടുന്ന ആഴത്തിലുള്ള ലിംഗവിവേചനം തുറന്നുകാട്ടി. "ഈ ദുരന്തത്തിന്റെ ഭാരം സ്ത്രീകളും പെൺകുട്ടികളും വീണ്ടും പേറേണ്ടിവരും," അഫ്ഗാനിസ്ഥാനിലെ യുഎൻ വിമൻ പ്രതിനിധി സൂസൻ ഫെർഗൂസൺ മുന്നറിയിപ്പ് നൽകി.

താലിബാൻ മരണപ്പെട്ട സ്ത്രീകളുടെയും പുരുഷന്മാരുടെയും കണക്കുകൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും രക്ഷപ്പെട്ടവരും ഡോക്ടർമാരും ദുരിതാശ്വാസ പ്രവർത്തകരും പറയുന്നത് സ്ത്രീകൾക്കാണ് കൂടുതൽ ദുരിതം സംഭവിച്ചതെന്നാണ്. പുരുഷ രക്ഷാപ്രവർത്തകർക്ക് അവരെ സഹായിക്കാൻ സാധിക്കാത്തതിനാൽ പലരും ഇപ്പോഴും കുടുങ്ങിക്കിടക്കുകയോ ചികിത്സ ലഭിക്കാതെ കിടക്കുകയോ ചെയ്യുന്നു.

ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിൽ വനിതാ ആരോഗ്യ പ്രവർത്തകരുടെ കുറവ് സ്ഥിതി കൂടുതൽ വഷളാക്കുന്നു. 2023-ൽ സ്ത്രീകൾക്ക് വൈദ്യവിദ്യാഭ്യാസത്തിൽ ചേരുന്നതിന് താലിബാൻ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന്, വനിതാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം വളരെ കുറവാണ്. മാധ്യമപ്രവര്‍ത്തകര്‍ സന്ദർശിച്ച ആശുപത്രികളിൽ ഒരു വനിതാ ജീവനക്കാരി പോലും ഇല്ലായിരുന്നു എന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു.

ലോകബാങ്ക്, മനുഷ്യാവകാശ ഗ്രൂപ്പുകൾ, മറ്റ് മുസ്ലീം രാജ്യങ്ങൾ തുടങ്ങിയവരുടെ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും താലിബാൻ തങ്ങളുടെ കർശനമായ നയങ്ങൾ മാറ്റാൻ തയ്യാറായിട്ടില്ല. ഈ നയങ്ങൾ രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിനും സാമ്പത്തിക ഭാവിക്കും വലിയ ദോഷം ചെയ്യുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പെൺകുട്ടികളെ ആറാം ക്ലാസിന് ശേഷം സ്കൂളുകളിൽ പോകാൻ അനുവദിക്കുന്നില്ല. സ്ത്രീകൾക്ക് സഞ്ചാരത്തിന് കർശന നിയന്ത്രണങ്ങളുണ്ട്. ചെറിയ ദൂരങ്ങളിൽ പോലും യാത്ര ചെയ്യാൻ ഒരു പുരുഷ രക്ഷകർത്താവിന്‍റെ കൂടെ മാത്രമേ പോകാൻ സാധിക്കൂ.

ജോലി സാധ്യതകളും ഇല്ലാതാവുകയാണ്. എൻജിഒകളും ദുരിതാശ്വാസ സംഘടനകളും ഉൾപ്പെടെ മിക്ക മേഖലകളിലും സ്ത്രീകൾ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. യുഎൻ ഏജൻസികളിൽ ജോലി ചെയ്യുന്ന അഫ്ഗാൻ സ്ത്രീകൾക്ക് പോലും ഇതിൽ നിന്ന് ഒഴിവില്ലെന്നും, അവർക്ക് ഭീഷണികൾ വർധിച്ചതിനാൽ സുരക്ഷയ്ക്കായി ചില ഏജൻസികൾ വനിതാ ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്