
കാബൂൾ: പെൺകുട്ടികൾ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നത് വിലക്കി താലിബാൻ. അഫ്ഗാനിസ്ഥാനിൽ നിന്ന് ഉപരിപഠനത്തിനു വേണ്ടി കസാഖിസ്ഥാൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് പോകാൻ അപേക്ഷ സമർപ്പിച്ചിരുന്ന വിദ്യാർത്ഥികളിൽ ആൺകുട്ടികൾക്ക് മാത്രമാണ് അനുമതി ലഭിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അമേരിക്കൻ പട്ടാളം മടങ്ങിപ്പോയതിനു പിന്നാലെ അധികാരം പിടിച്ചെടുത്ത താലിബാൻ കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെയാണ് കാബൂളിൽ സമരം ചെയ്ത സ്ത്രീകളെ താലിബാൻ അടിച്ചോടിച്ചത്. താലിബാൻ അധികാരം ഏറ്റെടുത്തതിന്റെ ഒന്നാം വാർഷിക ആഘോഷത്തിന് മുന്നോടിയായാണ് വനിതകൾ പ്രതിഷേധവുമായി തലസ്ഥാനത്തെത്തിയത്. "ഭക്ഷണം, ജോലി, സ്വാതന്ത്ര്യം" എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു അമ്പതോളം സ്ത്രീകൾ സമരവുമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫിസിന് മുന്നിൽ എത്തിയത്.
എന്നാൽ നിഷ്ഠൂരമായാണ് താലിബാൻ പൊലീസ് സമരക്കാരെ നേരിട്ടത്. സ്ത്രീകളെ അടിച്ചോടിക്കുകയും തോക്കിന്റെ പാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന് വാർത്താഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. സമരക്കാരെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
ഓഗസ്റ്റ് 15 കറുത്ത ദിനം- എന്നെഴുതിയ ബാനറുമായാണ് പ്രതിഷേധക്കാർ എത്തിയത്. ജോലി ചെയ്യാനുള്ള അവകാശവും രാഷ്ട്രീയ പങ്കാളിത്തവും സ്ത്രീകൾ ആവശ്യപ്പെട്ടു. പലരും മുഖംമൂടാതായെണ് എത്തിയത്. പെൺകുട്ടികളെ പിരിച്ചുവിടുകയും ബാനറുകൾ കീറുകയും നിരവധി പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തെന്ന് സമരം നയിച്ച സോലിയ പാർസി പറഞ്ഞു.
പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന ചില മാധ്യമപ്രവർത്തകരെയും താലിബാൻ മർദിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷമാണ് അമേരിക്കൻ സൈന്യം പിന്മാറിയതിന് പിന്നാലെ താലിബാൻ അധികാരം പിടിച്ചെടുത്തത്. സ്ത്രീകൾക്ക് പഠിക്കാനും ജോലി ചെയ്യാനും അനുവാദം നൽകുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് ഉന്നതവിദ്യാഭ്യാസത്തിൽ നിന്നടക്കം സ്ത്രീകളെ വിലക്കി.
Read more: അമേരിക്കൻ സംവിധായകനെയും അഫ്ഗാൻ പ്രൊഡ്യൂസറെയും താലിബാൻ തടഞ്ഞുവെച്ചതായി റിപ്പോർട്ട്
വസ്ത്രത്തിലടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പതിനായിരക്കണക്കിന് പെൺകുട്ടികളെ സെക്കൻഡറി സ്കൂളുകളിൽ നിന്ന് പുറത്താക്കി. സർക്കാർ ജോലികളിൽ നിന്ന് സ്ത്രീകളെ വിലക്കി. ദീർഘദൂര യാത്രകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി. മുഖമുൾപ്പെടെ പൂർണമായി മറച്ചുമാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ എന്നതടക്കമുള്ള പ്രാകൃത നിയമങ്ങളും താലിബാൻ കൊണ്ടുവന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam