
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങൾ പുറത്തുകൊണ്ടുവരുന്ന സെനറ്റർ ടെഡ് ക്രൂസിന്റെ ഓഡിയോ റെക്കോർഡിംഗുകൾ പുറത്ത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ വ്യാപാര കരാറുകൾ വൈകിക്കുന്നത് വൈസ് പ്രസിഡന്റ് ജെഡി വാൻസും വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നവാറോയുമാണെന്നും, ചിലപ്പോൾ പ്രസിഡന്റ് ട്രംപ് തന്നെ ഇതിന് തടസ്സം നിൽക്കാറുണ്ടെന്നും ടെഡ് ക്രൂസ് ആരോപിച്ചു. പത്തുമിനിറ്റോളം ദൈർഘ്യമുള്ള സംഭാഷണമാണ് ആക്സിയോസ് പുറത്തുവിട്ടത്.
ഇന്ത്യയുമായുള്ള വ്യാപാര കരാർ യാഥാർത്ഥ്യമാക്കാൻ താൻ വൈറ്റ് ഹൗസുമായി നിരന്തരം പൊരുതുകയാണെന്ന് ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററായ ക്രൂസ് പറഞ്ഞു. ഭരണകൂടത്തിൽ ആരാണ് കരാറിനെ എതിർക്കുന്നത് എന്ന ചോദ്യത്തിന്, പീറ്റർ നവാറോയെയും ജെഡി വാൻസിനെയുമാണ് ക്രൂസ് പ്രധാനമായും കുറ്റപ്പെടുത്തിയത്. ഇടയ്ക്കിടെ ട്രംപും കരാറിനെതിരെ നിൽക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങൾ കരാർ ചർച്ചകളെ പിന്നോട്ടടിച്ചതായാണ് സൂചന.
ട്രംപിന്റെ താരിഫ് അധിഷ്ഠിത വ്യാപാര നയം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും അത് പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റിലേക്ക് നയിക്കുമെന്നും ക്രൂസ് മുന്നറിയിപ്പ് നൽകി. 2025 ഏപ്രിലിൽ താരിഫുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൂസും മറ്റ് സെനറ്റർമാരും ട്രംപിനെ വിളിച്ച് പിന്മാറാൻ ആവശ്യപ്പെട്ടു. എന്നാൽ ട്രംപ് അവരോട് ആക്രോശിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. 2026 നവംബറാകുമ്പോൾ സൂപ്പർ മാർക്കറ്റിലെ വില 20 ശതമാനത്തോളം വർദ്ധിച്ചാൽ നമ്മൾ തിരഞ്ഞെടുപ്പിൽ വിലയ തിരിച്ചടി നേരിടേണ്ടി വരും. നിങ്ങൾക്ക് സഭയും സെനറ്റും നഷ്ടപ്പെടും എന്ന് താൻ ട്രംപിനോട് പറഞ്ഞതായി ക്രൂസ് വെളിപ്പെടുത്തി. ഇതിന് ട്രംപ് അസഭ്യമായ വാക്കുകൾ ഉപയോഗിച്ചാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ കടുത്ത ഭാഷയിലാണ് ക്രൂസ് വിമർശിച്ചത്. വാൻസ് പ്രമുഖ മാധ്യമ പ്രവർത്തകന്റെ വെറും നിഴൽ മാത്രമാണെന്നും ഇവർ രണ്ടുപേരും വിദേശനയങ്ങളിൽ അപകടകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ക്രൂസ് ആരോപിച്ചു. വാൻസിനെക്കാൾ മികച്ച ഒരു യാഥാസ്ഥിതിക റിപ്പബ്ലിക്കനായി സ്വയം ഉയർത്തിക്കാട്ടുന്നതിലൂടെ 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ക്രൂസ് നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam