
ഫുകേത്: വിനോദ സഞ്ചാരികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ വലിയ വർദ്ധന. വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. വിദേശ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി തായ്ലാൻഡ് വെട്ടിക്കുറച്ചു. മെയ് 19 ചൊവ്വാഴ്ച ബാങ്കോക്കിൽ ചേർന്ന തായ്‌ലൻഡ് മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയത്. വിനോദസഞ്ചാരം തായ്‌ലൻഡിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന തൂണുകളിലൊന്നാണെങ്കിലും, രാജ്യത്ത് വിദേശികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായത്. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, യൂറോപ്പിലെ 29 ഷെൻഗൻ രാജ്യങ്ങൾ ഉൾപ്പെടെ 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്‌ലൻഡിൽ തങ്ങാൻ അനുമതിയുണ്ടായിരുന്നു. ടൂറിസം മേഖലയ്ക്ക് കൊവിഡിന് ശേഷം വലിയൊരു ഉണർവ് നൽകാനായി 2024 ജൂലൈയിലാണ് തായ് ഗവൺമെന്റ് ഈ ആനുകൂല്യം കൊണ്ടുവന്നത്. എന്നാൽ പുതിയ ക്യാബിനറ്റ് തീരുമാനത്തോടെ ഈ 60 ദിവസത്തെ ഓട്ടോമാറ്റിക് വിസ രഹിത കാലാവധി അവസാനിക്കുകയാണ്.
പുതിയ പരിഷ്‌കാരങ്ങൾ അനുസരിച്ച് ഓരോ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളും സുരക്ഷയും വിലയിരുത്തിക്കൊണ്ട് വിസ രഹിത താമസത്തിന്റെ ദൈർഘ്യം വ്യക്തിഗതമായി പുനർനിർണ്ണയിക്കും. ഇതനുസരിച്ച് ഭൂരിഭാഗം വിദേശ പൗരന്മാർക്കും ഇനിമുതൽ പരമാവധി 30 ദിവസത്തെ വിസ രഹിത താമസമേ അനുവദിക്കൂ. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത് 15 ദിവസമായി ചുരുക്കാനും സാധ്യതയുണ്ട്. നിശ്ചിത കാലാവധിക്കപ്പുറം തായ്‌ലൻഡിൽ തുടരാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ ഇമിഗ്രേഷൻ ഓഫീസുകളിൽ നേരിട്ടെത്തി കൃത്യമായ കാരണങ്ങൾ ബോധിപ്പിച്ച് വിസ നീട്ടാൻ അപേക്ഷിക്കേണ്ടി വരും. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പൂർണ്ണമായ പരിശോധനയ്ക്ക് ശേഷമേ ഇനിമേൽ വിസ നീട്ടി നൽകുകയുള്ളൂ. അടുത്ത കാലത്തായി വിദേശ പൗരന്മാർ ഉൾപ്പെട്ട മയക്കുമരുന്ന് കേസുകൾ, ലൈംഗിക വ്യാപാരാരോപണങ്ങൾ, കൃത്യമായ പെർമിറ്റുകളില്ലാതെ വിദേശികൾ നിയമവിരുദ്ധമായി ഹോട്ടലുകളും സ്കൂളുകളും മറ്റ് ബിസിനസ്സുകളും നടത്തുന്നത് തുടങ്ങിയ സംഭവങ്ങളിൽ വലിയ രീതിയിലുള്ള അറസ്റ്റുകൾ നടന്നിരുന്നു. ഇത്തരത്തിൽ വിസ രഹിത ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്ത് വിദേശികൾ രാജ്യത്ത് തങ്ങുന്നതും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും തടയാൻ കർശനമായ നടപടികൾ വേണമെന്ന സുരക്ഷാ ഏജൻസികളുടെ ആവശ്യത്തെ തുടർന്നാണ് ഈ നീക്കം.
തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം തങ്ങൾ ഒരു പ്രത്യേക രാജ്യത്തെയും ലക്ഷ്യം വെക്കുന്നില്ലെന്നും മറിച്ച് വിസ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെ തടയുക മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തായ് ഔദ്യോഗിക ഗസറ്റിൽ ഈ നിയമം പ്രസിദ്ധീകരിച്ച് 15 ദിവസത്തിന് ശേഷം പുതിയ വിസ പരിഷ്കാരങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ദീർഘനാൾ തായ്‌ലൻഡിൽ തങ്ങാൻ പദ്ധതിയിടുന്ന ടെക്കികൾക്കും വിനോദസഞ്ചാരികൾക്കും പുതിയ നിയമം വലിയ രീതിയിൽ ബാധകമാകും. സമ്പദ്‌വ്യവസ്ഥയുടെ 10 ശതമാനത്തിലധികം ടൂറിസത്തെ ആശ്രയിക്കുന്ന തായ്‌ലൻഡിലേക്ക് ഈ വർഷം ഏതാണ്ട് 33.5 ദശലക്ഷം വിദേശ സഞ്ചാരികളെത്തുമെന്നാണ് രാജ്യം നിരീക്ഷണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam