പാകിസ്ഥാനിൽ വനിതാ ഇൻഫ്ലുവൻസർമാർക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ കൊലപാതകവും നടന്നിട്ടുള്ളത്

ലാഹോർ: പാകിസ്ഥാനിൽ സാമൂഹ്യ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസറായ യുവതിയെ വെടിവച്ചുകൊന്നു. 13 ലക്ഷം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. എട്ട് മാസത്തിനുള്ളിൽ പാകിസ്ഥാനിൽ ഇത്തരത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഷംസോ ബീബി എന്ന ഇരുപത്തെട്ടുകാരി. സാമൂഹ്യ മാധ്യമങ്ങളിൽ ഐഷ ഗിലാമന എന്ന പേരിൽ അറിയപ്പെടുന്ന ഷംസോ ബീബി പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14നാണ് ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയുള്ള ടാക്സില നഗരത്തിൽ വെച്ച് കൊല്ലപ്പെട്ടത്. സഹോദരങ്ങൾക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

കഴുത്തിന് വെടിയേറ്റ ഷംസോ ബീബി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. വെടിവെയ്പിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനത്തിൽ ഇടിച്ചു കയറുകയും ചെയ്തതോടെ ഷംസോയുടെ 15 വയസ്സുള്ള സഹോദരി അസീമയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാറിന് നേരെ ബൈക്കിലെത്തിയവർ അതിവേഗം വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഷംസോ ബീബിയുടെ പിതാവ് ഫസൽ സാഹിബ്‌സാദ പോലീസിൽ നൽകിയ പരാതി പ്രകാരം, കാഷിഫ് എന്ന വ്യക്തിയുടെ ഫോൺ കോൾ ലഭിച്ചതിനെ തുടർന്നാണ് ഷംസോ തന്റെ ഇളയ സഹോദരി അസീമയോടും സഹോദരൻ നൈമത്തുള്ളയോടുമൊപ്പം കാറിൽ പുറത്തേക്ക് പോയത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നത്.

ഷംസോയ്ക്ക് കൗസർ, ജാവേദ് എന്ന ഷാഹീൻ എന്നിവരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പണം തിരികെ ചോദിച്ചതിനെ തുടർന്ന് ഇവർ ഷംസോയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിതാവ് മൊഴി നൽകിയിട്ടുണ്ട്. പണം തട്ടിയെടുക്കുന്നതിനായി ഇവർ രണ്ടുപേരും ചേർന്ന് കാഷിഫിന്റെ പ്രേരണയോടെ കൊലപാതകം ആസൂത്രണം ചെയ്തതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.കൊലപാതകത്തിന് പിന്നാലെ കുടുംബം ഷംസോയുടെ ടിക് ടോക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല.

പാകിസ്ഥാനിൽ വനിതാ ഇൻഫ്ലുവൻസർമാർക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ കൊലപാതകവും നടന്നിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പാകിസ്താനിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ടിക് ടോക് താരമാണ് ഷംസോ ബീബി. അടുത്തിടെ സനാ ജാവേദ്, സനാ യൂസഫ്, മെഹക് ഷെഹ്സാദി, സുമീറ രാജ്പുത് എന്നീ സാമൂഹ്യ മാധ്യമ താരങ്ങളും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം