
ബാങ്കോക്ക്: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് തായ്‍ലൻഡ്.സ്ട്രീറ്റ് ഫുഡും ഭംഗിയുള്ള ബീച്ചുകളും ഉൾപ്പെടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രാജ്യമാണ് തായ്‍ലൻഡ്. എന്നാൽ മദ്യപാനത്തിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. വിനോദസഞ്ചാരികൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരും.
തായ്‍ലൻഡിലെ പേരുകേട്ട മദ്യമാണ് ചാങ് ബിയർ. ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ മദ്യപാനം പാടില്ലെന്നാണ് പുതിയ വിലക്ക്. ഈ മണിക്കൂറുകളിൽ മദ്യപാനം ശ്രദ്ധയിൽപ്പെട്ടാൽ 10,000 ബാത് പിഴ ഈടാക്കാനാണ് തായ്‍ലൻഡ് തീരുമാനിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 27,357 രൂപ വരും. 1972ലെ ആൽക്കഹോൾ ബിവറേജ് കൺട്രോൾ ആക്ടിലാണ് തായ്‍ലൻഡ് ഭേദഗതി വരുത്തിയിരിക്കുന്നത്.
നേരത്തെ മദ്യത്തിന്‍റെ പരസ്യം നിരോധിച്ചിരുന്നു. ലൈസൻസുള്ള സ്ഥലങ്ങൾ, ഹോട്ടലുകൾ, വിനോദസഞ്ചാര മേഖലകളിലെ സർട്ടിഫൈഡ് സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേ മദ്യം വിൽക്കാൻ പാടുള്ളൂ എന്ന നിയമം നേരത്തെ നിലവിലുണ്ട്. ഇപ്പോൾ മദ്യപിക്കുന്നവർക്കും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് രാജ്യം. ഉച്ചയ്ക്ക് 2 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ മദ്യം വാങ്ങിയാലാണ് പിഴ ചുമത്തുക. ഇത് റെസ്റ്റോറന്‍റ് വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്ന് തായ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതികരിച്ചു.
കഞ്ചാവ് നിയന്ത്രണത്തിന് പിന്നാലെയാണ് മദ്യത്തിനും നിയന്ത്രണം വരുന്നത്. നിയമവിധേയമാക്കി രണ്ടു വർഷത്തിനു ശേഷം കഞ്ചാവിന്റെ ഉപയോഗം തായ്ലൻഡ് നിയന്ത്രിച്ചിരുന്നു. വിനോദ ഉപയോഗത്തിനായി കഞ്ചാവ് വിൽക്കുന്നത് നിരോധിച്ചു. ചില്ലറ വിൽപനക്ക് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി തായ്‌ലൻഡ് ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത് ഈ വർഷം ആദ്യമാണ്.
2022ലാണ് തായ്‍ലൻഡ് കഞ്ചാവ് വിൽപ്പന കുറ്റകരമല്ലാതാക്കിയത്. കഞ്ചാവ് ഉപയോഗം നിയമപരമാക്കിയ ഏഷ്യയിലെ ആദ്യത്തെ രാജ്യമായിരുന്നു തായ്‌ലൻഡ്. എന്നാൽ കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലാഞ്ഞതു മൂലം കഞ്ചാവ് കുട്ടികൾക്കടക്കം ലഭ്യമാക്കുകയും വലിയ തോതിൽ യുവാക്കൾ ഇതിന് അടിമകളാകുന്നതായി ആരോപണം ഉയർന്നു. ഇതോടെയാണ് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയത്.