
അങ്കാറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പന്ത്രണ്ടിലേറെ ഇസ്രയേൽ അധികൃതർക്കെതിരേയും അറസ്റ്റ് വാറന്റുമായി തുർക്കി. വംശഹത്യാ കുറ്റങ്ങൾക്കാണ് അറസ്റ്റ് വാറന്റ്. നെതന്യാഹു അടക്കം 37 പേർക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറത്തിറക്കിയതെന്നാണ് ഇസ്താംബൂളിലെ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് വിശദമാക്കിയത്. നെതന്യാഹുവിന് പുറമേ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, സൈനിക മേധാവി ഇയാൽ സാമിർ എന്നിവർക്കെതിരെയും അറസ്റ്റ് വാറന്റ് പുറത്തിറക്കിയിട്ടുണ്ട്. ഗാസയിൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നാണ് വാറന്റിൽ വിശദമാക്കുന്നത്. നാവിക മാനുഷിക ദൗത്യമായിരുന്നു ഫ്ലോട്ടില്ലയ്ക്കെതിരായ നടപടിയും വാറന്റ് കാരണമായതായാണ് തുർക്കി വിശദമാക്കുന്നത്. വാറന്റ് തള്ളുന്നതായും തുർക്കിയുടെ നടപടി അപലപിക്കുന്നതായും ഇസ്രയേൽ പ്രതികരിച്ചു. തുർക്കി പ്രസിഡന്റ് തയ്യിബ് എർദ്ദോഗാന്റെ പിആർ സ്റ്റണ്ട് മാത്രമാണ് വാറന്റ് എന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി വിശദമാക്കുന്നത്. അറസ്റ്റ് വാറന്റിനെ ഹമാസ് സ്വാഗതം ചെയ്തു.
അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ നിലനിർത്തുന്നതിനായി ഗാസയ്ക്ക് വേണ്ടിയുള്ള ഒരു ബഹുരാഷ്ട്ര സുരക്ഷാ സേനയിൽ എന്ത് പങ്കാണ് വഹിക്കുന്നതെന്ന ചോദ്യങ്ങൾ ഉയരുന്നതിനിടയിലാണ് വാറന്റ് എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. യുദ്ധക്കുറ്റങ്ങൾ ചുമത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് നെതന്യാഹുവിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ തുർക്കി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam