
ദില്ലി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം അമേരിക്കയല്ലെന്നും സൗദി അറേബ്യയാണെന്നും റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയം (എംഇഎ) രാജ്യസഭയിൽ പുറപ്പെടുവിച്ച ഔദ്യോഗിക രേഖയിലാണ് ഇക്കാര്യം പറയുന്നത്. ഗൾഫ് മേഖലയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ വ്യാപ്തിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. സൗദിയിൽ അനധികൃത കടന്നുകയറ്റങ്ങളെക്കാൾ, വിസ കാലാവധി കഴിഞ്ഞുള്ള താമസം, തൊഴിൽ നിയമ ലംഘനങ്ങൾ എന്നിവ കാരണമാണ് ഇന്ത്യക്കാരെ തിരിച്ചയച്ചതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
2025 ഡിസംബർ 18-ന് ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ, വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗാണ് ഇക്കാര്യം പറഞ്ഞത്. പല വിദേശ സർക്കാരുകളും തടങ്കൽ ഡാറ്റ പതിവായി പങ്കിടാറില്ലെങ്കിലും, അടിയന്തര സർട്ടിഫിക്കറ്റുകൾ വഴി നൽകുന്ന നാടുകടത്തൽ കണക്കുകൾ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കെതിരെ സ്വീകരിച്ച എൻഫോഴ്‌സ്‌മെന്റ് നടപടികളുടെ വിശ്വസനീയമായ രേഖയാണെന്നും മന്ത്രി വ്യക്തമാക്കി. 2025ൽ ഇതുവരെ 7,019 പേരെ നാടുകടത്തി. 2021: 8,887, 2022: 10,277, 2023: 11,486, 2024: 9,206 എന്നിങ്ങനെയാണ് കണക്ക്.
സൗദി അറേബ്യ കർശനമായ റെസിഡൻസി (ഇഖാമ) നിയമങ്ങൾ നടപ്പിലാക്കൽ, തൊഴിൽ പരിഷ്കാരങ്ങൾ, വിസ കാലാവധി കഴിഞ്ഞവർക്കെതിരെ കർശന നടപടികൾ എന്നിവയാണ് നാടുകടത്തലിന് കാരണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, അമേരിക്കയിൽ നിന്നുള്ള നാടുകടത്തൽ ഗണ്യമായി കുറഞ്ഞു. അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി തുടരുമ്പോഴും ഇന്ത്യൻ പൗരന്മാരുടെ നാടുകടത്തൽ ഗണ്യമായി കുറവാണ്. 2025ൽ 3,414 ഇന്ത്യക്കാരെയാണ് അമേരിക്ക നാടുകടത്തിയത്. 2021: 805, 2022: 862, 2023: 617, 2024: 1,368 എന്നിങ്ങനെയാണ് കണക്ക്. തൊഴിലന്വേഷകരിൽ അവബോധം മെച്ചപ്പെടുത്തുന്നതും റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ കർശനമായ പരിശോധനയും ഭാവിയിലെ നാടുകടത്തലുകൾ കുറയ്ക്കുന്നതിന് നിർണായകമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam