ഇന്ത്യൻ സർക്കാരും മാധ്യമങ്ങളും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു: പാകിസ്ഥാൻ

By Web TeamFirst Published Mar 10, 2019, 8:38 AM IST
Highlights

ഇന്ത്യൻ സർക്കാരും മാധ്യമങ്ങളും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. 

ഇസ്ലാമാബാദ്: പുൽവാമ ആക്രമണത്തിലെ പാകിസ്ഥാന്‍റെ പങ്ക് നിഷേധിച്ചും ഇന്ത്യൻ ഭരണകൂടത്തേയും മാധ്യമങ്ങളേയും അധിക്ഷേപിച്ചും പാക് വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്. ഇന്ത്യൻ സർക്കാരും മാധ്യമങ്ങളും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. 

പുൽവാമ ആക്രമണം ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ നാടകമാണെന്നും പാക് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നൽകിയ തെളിവുകൾ പരിശോധിച്ച് വരികയാണെന്നും വൈകാതെ സത്യാവസ്ഥ അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും പാകിസ്ഥാൻ അറിയിച്ചു. 

ബാലാക്കോട്ട് ആക്രണണത്തിന് ശേഷവും പാകിസ്ഥാൻ സമാധാനാന്തരീക്ഷം സൃഷ്ടിക്കുമ്പോൾ ഇന്ത്യ പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകൾ തുടരുകയാണെന്നും പാകിസ്ഥാൻ കുറ്റപ്പെടുത്തി. ബാലാകോട്ടിൽ സൈന്യം ലക്ഷ്യം കണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ വീണ്ടും വ്യക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ആരോപണങ്ങൾ ശക്തമാക്കിയത്. 
 

click me!