
എഡിൻബർഗ്: ക്രിസ്തുമസിനെ വരവറിയിച്ച് അലങ്കരിച്ച് വച്ചിരുന്ന കൂറ്റൻ പ്രതിമ തനിച്ചെത്തി മോഷ്ടിച്ച് യുവാവ്. സ്കോട്ട്ലാൻഡിന്റെ തലസ്ഥാനമായ എഡിൻബർഗിലാണ് സംഭവം. എഡിൻബർഗിലെ ഒരു കോക്ടെയിൽ ബാറിന് പുറത്തായി സ്ഥാപിച്ചിരുന്ന എട്ട് അടി ഉയരമുള്ള പ്രതിമായാണ് ഇലക്ട്രിക് ബൈക്കിലെത്തിയ യുവാവ് മോഷ്ടിച്ചത്. ബൈക്കിലെത്തിയ യുവാവ് പ്രതിമ എടുത്തുകൊണ്ട് പോവുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കൃത്യമായി പതിഞ്ഞിട്ടുമുണ്ട്. ഹുഡും മാസ്കും ധരിച്ചെത്തിയാണ് മോഷണം. 900 പൗണ്ട്(ഏകദേശം 1,06,249 രൂപ) വിലവരുന്ന നട്ട്ക്രാക്കർ പട്ടാളക്കാരന്റെ പ്രതിമയാണ് യുവാവ് മോഷ്ടിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് മോഷണം നടന്നത്. ഈ പരിസരത്ത് കൂടി ആളുകൾ നടന്ന് പോവുന്നതിനിടയിലാണ് മോഷണമെന്നതാണ് ശ്രദ്ധേയമായിട്ടുള്ള കാര്യം. എഡിൻബർഗിലെ ജോർജ്ജ് സ്ട്രീറ്റിന്റെയും നോർത്ത് കാസിൽ സ്ട്രീറ്റിന്റെയും അവസാന ഭാഗത്തുള്ള കോപ്പർ ബ്ലോസം എന്ന കോക്ടെയിൽ ബാറിന്റെ മുന്നിലാണ് മോഷണം നടന്നിട്ടുള്ളത്.
നിരവധി ആളുകളുള്ള സ്ഥലത്ത് വച്ച് നടന്ന മോഷണം ഞെട്ടിച്ചുവെന്നാണ് കോക്ടെയിൽ ബാർ മാനേജർ പോൾ പാക്സ്റ്റൺ ബിബിസി ന്യൂസിനോട് പ്രതികരിച്ചത്. പതിനേഴാം നൂറ്റാണ്ടിലെ ഒരു പരമ്പരാഗത ജർമ്മൻ ക്രിസ്മസ് അലങ്കാരമാണ് നട്ട്ക്രാക്കർ സൈനിക പാവകൾ. 13കിലോയോളം ഭാരമുള്ള ഈ രൂപം ബാറിന്റെ ബേസ്‌മെന്റിന്റെ പുറത്ത് വൻ വിലവരുന്ന ഒരു ക്രിസ്മസ് പ്രദർശനത്തിന്റെ ഭാഗമായി ആയിരുന്നു സ്ഥാപിച്ചത്. പ്രതിമ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ സമീപത്തുണ്ടായിരുന്ന 350 പൗണ്ട്(ഏകദേശം 41319രൂപ) വിലവരുന്ന മേശയും യുവാവ് തകർത്തിട്ടുണ്ട്.
റെയ്ലിംഗിൽ സ്ഥാപിച്ചിരുന്ന പ്രതിമ തന്റെ ബൈക്കിന് മുൻവശത്തായി കുറുകെ വച്ച് ബാലൻസ് ചെയ്ത് ഇയാൾ ഓടിച്ച് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒരു ചെറിയ ഇ ബൈക്കിന് കുറുകെ ഒരു പ്രതിമ വച്ചുകൊണ്ട് പോവുന്നത് കണ്ട് ആളുകൾ ആരും തടയാൻ ശ്രമിച്ചില്ലെന്നതാണ് പോൾ പാക്സ്റ്റണെ അമ്പരപ്പിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായാണ് കോക്ടെയിൻ ബാർ ഉടമകൾ വിശദമാക്കുന്നു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം