12 രാജ്യങ്ങളിൽ നിന്നുള്ളവർ ഇങ്ങോട്ടു വരേണ്ടെന്ന് ട്രംപ്; ഇത് വംശീയതയും ഒരു മതത്തോടുള്ള ശത്രുതയുമെന്ന് വിമർശനം

Published : Jun 07, 2025, 10:51 PM ISTUpdated : Jun 07, 2025, 11:11 PM IST
Donald Trump

Synopsis

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കിനെതിരെ ഇറാൻ രൂക്ഷവിമർശനവുമായി രംഗത്ത്.

ടെഹ്റാൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ യാത്രാവിലക്കിന് പിന്നാലെ രൂക്ഷവിമർശനവുമായി ഇറാൻ. ഒരു മതത്തോടും ദേശീയതയോടുമുള്ള വംശീയമായ ശത്രുത കാരണമാണ് ട്രംപ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഈ യാത്രാ വിലക്ക് ഇറാനിലെ ജനതയോടും മുസ്ലീങ്ങളോടും ഉള്ള ആഴത്തിലുള്ള ശത്രുതയാണ് വ്യക്തമാക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ വിദേശ ഇറാനികൾക്കായുള്ള വകുപ്പിന്റെ തലവനായ അലിറേസ ഹാഷെമി പ്രതികരിച്ചു. മതത്തിന്റെയും ദേശീയതയുടെയും പേരിൽ മാത്രം ഇറാനിലെ പൗരന്മാരുടെ പ്രവേശനം നിരോധിക്കാനുള്ള തീരുമാനം അന്താരാഷ്ട്ര നിയമത്തിന്‍റെ ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു.

ഇറാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് ഏറ്റവും പുതിയ നിയന്ത്രണ പ്രകാരം അമേരിക്കയിലേക്കുള്ള പ്രവേശനം നിരോധിച്ചത്. വേറെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഭാഗിക നിയന്ത്രണം ബാധകമാണ്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നീ രാജ്യങ്ങിൽ നിന്നുള്ളവർക്കാണ് ഭാഗിക നിയന്ത്രണം.

‘വിദേശ ഭീകര'രിൽ നിന്ന് അമേരിക്കയെ സംരക്ഷിക്കാൻ നിയന്ത്രണം അത്യാവശ്യമാണെന്നാണ് ട്രംപിന്‍റെ വാദം. 2017 മുതൽ 2021 വരെയുള്ള തന്റെ ആദ്യ ഭരണ കാലത്ത് ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൌരന്മാരെ ട്രംപ് വിലക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്