
ന്യൂഡൽഹി: ഇന്ത്യക്കെതിരെ വിനാശകരമായ ആക്രമണങ്ങൾ നടത്താൻ ആയിരക്കണക്കിന് ചാവേറുകൾ സജ്ജമാണെന്ന ഭീഷണിയുമായി ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ. യുഎൻ ഭീകരനായി പ്രഖ്യാപിച്ച അസ്ഹറിന്റേതെന്ന് കരുതപ്പെടുന്ന ഒരു ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏത് നിമിഷവും ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറാൻ തന്റെ പക്കൽ വൻ സൈന്യമുണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
പുറത്തുവന്ന ഓഡിയോ റെക്കോർഡിംഗിൽ മസൂദ് അസ്ഹർ പറയുന്നത്, ചാവേറുകൾ ഒന്നോ രണ്ടോ നൂറോ അല്ല, ആയിരത്തിലധികം പേർ തയ്യാറായി നിൽക്കുകയാണ്. ഇവരുടെ യഥാർത്ഥ എണ്ണം ഞാൻ വെളിപ്പെടുത്തിയാൽ ലോകമാധ്യമങ്ങളിൽ നാളെ വലിയ കോളിളക്കം തന്നെയുണ്ടാകും. രക്തസാക്ഷിത്വം വരിക്കാൻ തയ്യാറായി നിൽക്കുന്ന ഇവരെ തടഞ്ഞുനിർത്താൻ എനിക്ക് ബുദ്ധിമുട്ടാണ് എന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം.
മസൂദ് അസ്ഹർ ഏറെ കാലമായി പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എന്നാൽ ഈ ഓഡിയോ സന്ദേശത്തിന്റെ ആധികാരികതയോ തീയതിയോ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2019-ന് ശേഷം പരസ്യവേദികളിൽ പ്രത്യക്ഷപ്പെടാത്ത അസ്ഹർ, ഒളിവിൽ ഇരുന്നാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനിലെ ജെയ്‌ഷെ ആസ്ഥാനങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിൽ അസ്ഹറിന്റെ ബന്ധുക്കൾ ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.
15 പേർ കൊല്ലപ്പെട്ട ഡൽഹി സ്ഫോടനത്തിലെ മുഖ്യപ്രതി ഉമർ മുഹമ്മദിന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു. ഇന്ത്യൻ സൈന്യം അതിർത്തിയിൽ സുരക്ഷ ശക്തമാക്കുകയും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരം പ്രകോപനപരമായ സന്ദേശങ്ങൾ പുറത്തുവരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam