
കുവൈത്ത് സിറ്റി: മൂന്ന് F15 വിമാനങ്ങൾ തകർന്നതായി സ്ഥിരീകരിച്ച് അമേരിക്ക. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വീഴ്ത്തിയത് എന്നാണ് വാദം. 'ഫ്രണ്ട്‍ലി ഫയര്‍' എന്നാണ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നതിനെ കുറിച്ച് അമേരിക്ക വിശേഷിപ്പിച്ചത്.
അമേരിക്കയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണിത്. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളിലൊന്നാണ് f-15. വലിയ സവിശേഷതകളുള്ള വിമാനങ്ങളാണിത്. അമേരിക്കൻ സൈനിക വിമാനങ്ങള്‍ തകര്‍ന്ന് വീണ വാര്‍ത്ത ആദ്യം ഇറാനിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിമാനം തകരുന്നതിന്‍റെയും പൈലറ്റ് സുരക്ഷിതനായി വാഹനത്തില്‍ പ്രവേശിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വെടിവെച്ചിട്ടതാണ് ഈ വിമാനങ്ങളെന്ന് അമേരിക്ക ഇപ്പോള്‍ സ്ഥിരീകരിച്ചു. യുദ്ധത്തിന്‍റെ ഭാഗമായി ഇറാൻ വെടിവെച്ചിട്ടതല്ലെന്ന് അമേരിക്ക വ്യക്തമാക്കുന്നു. ഇറാന്‍റെ വാദങ്ങൾ തള്ളിയാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്.
ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ആക്രമണ സമയത്ത് കപ്പലിൽ 16 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ ഒരാളാണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു. കപ്പലിൽ തീ പടർന്നതിനെത്തുടർന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. പരിക്കേറ്റവരെക്കുറിച്ചോ കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒമാൻ നാവികസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാൻ തീരത്തുണ്ടായ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഖത്തറിൽ ആക്രമണം
ഖത്തർ ദോഹയിൽ പവർ പ്ലാന്റിന്റെ വാട്ടർ ടാങ്ക് ആക്രമിച്ചു. മസായിദിൽ ആണ് ആക്രമണം ഉണ്ടായത്. ലാസ് റഫാൻ വ്യാവസായിക മേഖലയിലും ആക്രമണം ഉണ്ടായി. ഖത്തർ എനർജിയുടെ പ്ലാന്റിലാണ് ആക്രമണം ഉണ്ടായത്. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് ഖത്തർ അറിയിച്ചു. പരിഭ്രാന്തി വേണ്ടെന്നും ഖത്തർ അധികൃതർ അറിയിച്ചു.
യുദ്ധ പശ്ചാത്തലത്തിൽ ഖത്തറിലെ അമേരിക്കൻ പൗരന്മാർക്ക് യു എസ് എംബസി അടിയന്തര ജാഗ്രതാ നിർദേശം നൽകി. സൈനിക കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിന്ന് അമേരിക്കൻ പൗരന്മാർ മാറിനിൽക്കണമെന്ന് എംബസി നിർദ്ദേശിച്ചു. സുരക്ഷാ കാരണങ്ങളാൽ ഒരാഴ്ചത്തേക്ക് എംബസിയിലെ കോൺസുലർ സേവനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. ഇറാന്റെ പ്രത്യാക്രമണ സാധ്യതകൾ കണക്കിലെടുത്താണ് ഈ മുൻകരുതൽ നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam