കേരളത്തില്‍, ഇന്ത്യയില്‍ മാത്രമല്ല ഈ സ്ഥിതി വിശേഷം. അമേരിക്കയിലെ എല്ലാ പത്ര മാധ്യമങ്ങളും ടൈറ്റാനൊപ്പം ആഴക്കടലിലാണ്. യൂറോപ്യന്‍ മാധ്യമങ്ങളും വ്യത്യസ്തമല്ല. യുകെയിലാണെങ്കില്‍ ചാള്‍സ് രാജാവ് നേരിട്ട് ടൈറ്റാന്‍ വാര്‍ത്തകള്‍ റീട്വിറ്റ് ചെയ്യുന്ന തിരക്കിലാണ്.
നാല് ദിവസങ്ങള്‍ക്കിടെ ലോകത്തെ നടുക്കി രണ്ട് സംഭവങ്ങള്‍ നടന്നെങ്കിലും ഒന്നില്‍ മാത്രമാണ് ഇന്ന് ലോകത്തിന്‍റെ ശ്രദ്ധ. ആദ്യത്തേത് ജൂണ്‍ 14 നും രണ്ടാമത്തേത് ജൂണ്‍ 18 നുമാണ് സംഭവിച്ചത്. രണ്ടാമത്തെതിനെ കുറിച്ച് ഇതിനകം തന്നെ ലോകമെങ്ങും പല കഥകള്‍ നിറഞ്ഞു കഴിഞ്ഞു. നമ്മളും ആ കഥകളില്‍ പലതും വായിച്ച് കഴിഞ്ഞു. അത് ഒരു സബ് മറൈന്‍ അപകടമായിരുന്നു. 1912 ഏപ്രില്‍ 15 ന് സൗത്ത്ഹാംസ്റ്റണില്‍ നിന്നും പുറപ്പെട്ട് ന്യൂയോര്‍ക്ക് ലക്ഷ്യമാക്കി വടക്കന്‍ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ നീങ്ങിയ ടൈറ്റാനിക്ക് എന്ന പടുകൂറ്റന്‍ കപ്പല്‍ ഒരു ഐസ് കട്ടയില്‍ ഇടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന്, കടലാഴങ്ങളിലേക്ക് ആണ്ടു പോയി. പിന്നീട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനുഷ്യന്‍ മുങ്ങിപ്പോയ ആ കപ്പലിനെ തേടി ന്യൂഫൗണ്ട്‌ലാൻഡിന്‍റെ തീരത്ത് നിന്ന് ഏകദേശം 690 കിലോമീറ്റർ തെക്ക് - തെക്ക് കിഴക്കായി ഏകദേശം 12,500 അടി ആഴത്തിലേക്ക് ഊളിയിട്ടു. 1997 ല്‍ ജെയിംസ് കാമറൂണ്‍ ആ മുങ്ങിപ്പോയ കപ്പലിലേക്ക് രണ്ട് സാമൂഹിക സാഹചര്യത്തിലുള്ള പ്രണയിനികളായ ജാക്കിനെയും റോസിനെയും കയറ്റിവിട്ടപ്പോള്‍ ലോകം മൊത്തം ഹിറ്റായ ടൈറ്റാനിക്ക് എന്ന് സിനിമ പിറന്നു. അങ്ങനെ ടൈറ്റാനിക്ക് എന്ന കപ്പല്‍ഛേദ വിപണിയും ഉയര്‍ന്നു വന്നു.
ദുരന്തക്കാഴ്ച എന്ന വിനോദസഞ്ചാരം
ഒരു നൂറ്റാണ്ടിന് മുമ്പ് 3,500 ഓളം പേരെ ഇല്ലാതാക്കിയ ആ കപ്പല്‍ഛേദം ആസ്വാദ്യകരമായ ഒരു വിനോദ സഞ്ചാര മേഖലയായി പതുക്കെ വളര്‍ത്തപ്പെട്ടു. ചില്ലറയായിരുന്നില്ല കാശ്. OceanGate Expeditions എന്ന ഗവേഷണ ടൂറിസം കമ്പനിയാണ് കടലടിയില്‍ 12,500 അടി താഴ്ചയിലേക്ക് അഞ്ച് സീറ്റുള്ള കാര്‍ബണ്‍ ഫൈബര്‍ ടൈറ്റാനിയം അണ്ടര്‍വാട്ടര്‍ ഉപകരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പേടകം ഇറക്കി വിനോദ സഞ്ചാരത്തിന് ശ്രമം നടത്തിയത്. കമ്പനിയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഏട്ട് ദിവസത്തെ യാത്രാ അനുഭവത്തിന് ഒരാളുടെ മാത്രം ചിലവ് 2,50,000 യുഎസ് ഡോളര്‍, അതായത് 2,05,05,000 ഇന്ത്യന്‍ രൂപയാണ്. അതെ, ഈ വിനോദ സഞ്ചാരം സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ല. എന്തിന് മധ്യവര്‍ഗ്ഗത്തിന് വേണ്ടിയുള്ളതുമല്ല. അതിസമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.

2021 ലും 2022 ലും വിജയകരമായ പര്യവേക്ഷണങ്ങള്‍ ഓഷ്യന്‍ ഗേറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. എന്നാല്‍, നിരവധി തവണ ഈ പര്യവേക്ഷണ വാഹനത്തെ കുറിച്ച്, അതിന്‍റെ സുരക്ഷയെ കുറിച്ച് പലരും ആശങ്കകള്‍ പങ്കുവച്ചു. എന്നാല്‍, അമിത സുരക്ഷാ പ്രോട്ടോക്കോളുകൾ നവീകരണത്തെ തടസ്സപ്പെടുത്തുന്നുവെന്ന് വാദിച്ച ഓഷ്യൻഗേറ്റ്, ടൈറ്റന് സർട്ടിഫിക്കേഷൻ തേടാൻ വിസമ്മതിച്ചു. അങ്ങനെ 2023 ജൂണ്‍ 18 ന് കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് തീരത്ത് നിന്ന് ഏകദേശം 740 കി.മീ അകലെ വടക്കൻ അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ ആ പര്യവേക്ഷണ വാഹനം അഞ്ച് യാത്രക്കാരുമായി ടൈറ്റാനിക്ക് എന്ന ദുരന്തക്കാഴ്ച കാണാനായി മുങ്ങി. ഒന്നേമുക്കാല്‍ മണിക്കൂര്‍, പര്യവേക്ഷണ വാഹനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നാലെ ഫ്രഞ്ച് അമേരിക്കന്‍, കനേഡിയന്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ 80 മണിക്കൂറോളം സൈനിക സഹായത്തോടെയുള്ള ശ്രമകരമായ തിരച്ചില്‍. ഒടുവില്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം, അഞ്ച് സഞ്ചാരികളെ കുറിച്ച് വിവരം ലഭിച്ചില്ലെങ്കിലും വാഹനത്തിന്‍റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. ഈ ദിവസമത്രയും ലോകമൊട്ടാകെയുള്ള മാധ്യമങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്തു. ലോകം ആ അഞ്ച് അതിസമ്പന്നര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.
പൈലോസ് തീരത്ത് മുങ്ങി മരിച്ച 600 പേര്‍
ജൂണ്‍ 14 നായിരുന്നു ആദ്യത്തെ സംഭവം. അതിങ്ങനെയായിരുന്നു. 2023 ജൂൺ 10-ന് ലിബിയയിലെ ടോബ്രൂക്കിൽ നിന്ന് അധികാരികളുടെ കണ്ണുവെട്ടിച്ച് ഒരു മത്സ്യബന്ധന ബോട്ട് യാത്ര തിരിച്ചു. ഗ്രീസിലെ മെസ്സീനിയയിലെ പൈലോസ് തീരമായിരുന്നു ലക്ഷ്യം. പക്ഷേ, 40 പേര്‍ക്കുള്ള ആ തുരുമ്പെടുത്ത ചെറിയ മത്സ്യബന്ധന ബോട്ടില്‍ ഉണ്ടായിരുന്നത് ഈജിപ്തുകാർ, സിറിയക്കാർ, പാകിസ്ഥാനികൾ, അഫ്ഗാനികൾ, ഫലസ്തീയര്‍, ലിബിയക്കാര്‍ തുടങ്ങിയ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 400 മുതല്‍ 750 ഓളം കുടിയേറ്റക്കാര്‍. അവരുടെ കൃത്യമായ കണക്കുകള്‍ പോലും ലഭ്യമല്ലായിരുന്നു. ആ ബോട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 18 ന് ഗ്രീസിലെ മെസ്സീനിയയിലെ പൈലോസ് തീരത്ത് അയോണിയൻ കടലിലുണ്ടായ ശക്തമായ കാറ്റിലും തിരയിലും പെട്ട് മുങ്ങി. മണിക്കൂറുകള്‍ക്ക് ശേഷമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ 104 പേരെ രക്ഷപ്പെടുത്തി. പലയിടങ്ങളില്‍ നിന്നായി ഒഴുകി നടന്ന 82 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി കണ്ടെത്താനുള്ളവരെത്രയെന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു.

ആ 750 ഓളം പേരെ ഒരുമിച്ച് ഒരു തുരുമ്പിച്ച ബോട്ടില്‍ കയറ്റിയത് ഒരൊറ്റ സംഗതിയായിരുന്നു. അവരവരുടെ രാജ്യത്ത് നേരിടുന്ന സാമ്പത്തിക - സാമൂഹിക സാഹചര്യം. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സിറിയയിലും ഈജിപ്തിലും ഫലസ്തീനിലും ലിബിയയിലും എല്ലാം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ്. സാധാരണക്കാര്‍ക്കും മധ്യവര്‍ഗ്ഗജനതയ്ക്കും ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഓരോന്നോരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങളില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ പരാജയപ്പെടുന്നു. സ്വാഭാവികമായും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന ജനം കുടിയേറാനുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതിനാല്‍ തന്നെ ലഭ്യമായ മാര്‍ഗ്ഗങ്ങളില്‍ സമ്പന്നരാജ്യങ്ങളിലേക്ക് പ്രത്യേകിച്ചും യൂറോപ്പിലേക്ക് നീങ്ങാന്‍ അവര്‍ തയ്യാറാകുന്നു. നിരാലംബരായ ഒരു വലിയ കൂട്ടം കടല്‍കടക്കാന്‍ തയ്യാറായി എത്തുമ്പോള്‍ ലിബിയയില്‍ നിന്ന് മെഡിറ്ററേനിയന്‍ കടലിലൂടെ മത്സ്യബന്ധന ബോട്ടുകളില്‍ മനുഷ്യക്കടത്ത് സജീവമായി. ലിബിയയിലെ രാഷ്ട്രീയ സാഹചര്യം അതിന് അനുയോജ്യമാവുക കൂടി ചെയ്യുമ്പോള്‍ മനുഷ്യക്കടത്ത് സാധാരണമായി. ജീവിതത്തില്‍ അവസാന കരതേടി രക്ഷായാത്ര നടത്തിയ ആ 750 പേരില്‍ ഇനി അവശേഷിക്കുന്നത് വെറും 104 പേര്‍ മാത്രം.
ഈ മത്സ്യബന്ധന ബോട്ട് സഞ്ചരിച്ച വഴി, അതായത് യൂറോപ്പിലേക്ക് പോകാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള വടക്കൻ ആഫ്രിക്ക മുതൽ ഇറ്റലി വരെയുള്ള കടൽ പാത, ഭൂമിയിലെ ഏറ്റവും മാരകമായ ജലപാതയായി പ്രഖ്യാപിച്ചത് ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനാണ്. ഈ ജലപാതയില്‍ 2014 മുതൽ ഇതുവരെയായി രേഖപ്പെടുത്തിയ 21,000 മരണങ്ങൾ തന്നെയാണ് അതിന് കാരണവും. ആറോളം രാജ്യങ്ങളില്‍ നിന്നുള്ള ആ 600 ഓളം പേരുടെ മരണം അന്താരാഷ്ട്രാ തലത്തില്‍ ശ്രദ്ധനേടിയെങ്കിലും അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും അന്വേഷിക്കാനും ആളുകള്‍ കുറവായിരുന്നു. ടെറ്റാനില്‍ മുങ്ങി മരിച്ച അഞ്ച് പേര്‍ക്ക് വേണ്ടി പത്രങ്ങള്‍ ഒന്നാം പേജ് മാറ്റിവച്ചപ്പോള്‍ മറ്റേ 600 പേര്‍ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെട്ടത് 8 സെന്‍റിമീറ്റര്‍ ഒറ്റക്കോളം മാത്രം. അതും അവസാന പേജില്‍. ഓണ്‍ലൈന്‍ സൈറ്റുകള്‍ ടൈറ്റാനും അതിലെ അഞ്ച് പേര്‍ക്കും വേണ്ടി നിരന്തരം വാര്‍ത്തകളെഴുതി. പക്ഷേ, പൈലോസ് തീരത്ത് മുങ്ങി മരിച്ച 600 പേരെ പലരും കണ്ടില്ലെന്ന് നടിച്ചു.

'ദുഃഖകരമായ കാപട്യ'മെന്ന് സാമൂഹിക മാധ്യമങ്ങള്‍
കേരളത്തില്‍, ഇന്ത്യയില്‍ മാത്രമല്ല ഈ സ്ഥിതി വിശേഷം. അമേരിക്കയിലെ എല്ലാ പത്ര മാധ്യമങ്ങളും ടൈറ്റാനൊപ്പം ആഴക്കടലിലാണ്. യൂറോപ്യന്‍ മാധ്യമങ്ങളും വ്യത്യസ്തമല്ല. യുകെയിലാണെങ്കില്‍ ചാള്‍സ് രാജാവ് നേരിട്ട് ടൈറ്റാന്‍ വാര്‍ത്തകള്‍ റീട്വിറ്റ് ചെയ്യുന്ന തിരക്കിലാണ്. പേടകത്തിലെ വായുവിന്‍റെ അളവ്, ടൈറ്റാനിക്ക് വീണ ആഴം അങ്ങനെ ഓഷ്യന്‍ഗേറ്റുമായി ബന്ധപ്പെട്ടതെല്ലാം ഇന്ന് കുട്ടികള്‍ക്ക് പോലും അറിയാം. "എനിക്ക് തോന്നുന്നത് അഭയാർത്ഥികളെ ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് - ചില കോടീശ്വരൻമാരെ ജോയ് റൈഡുകളിൽ കാണാതാവുന്നു - ഒന്നിലധികം നാവികസേനകൾ തൽക്ഷണം തിരയുന്നതായി തോന്നുന്നു -" അമേരിക്കൻ നടനും നിർമ്മാതാവുമായ ജോൺ കുസാക്ക് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
പാക് അഭയാര്‍ത്ഥി ബോട്ട് അപകടം; 12 പേര്‍ രക്ഷപ്പെട്ടു, രക്ഷപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമില്ല
"500-ലധികം കുടിയേറ്റക്കാരും അഭയാർത്ഥികളും അവരുടെ ബോട്ട് മുങ്ങി മരിച്ചതായി അനുമാനിക്കപ്പെടുന്നു. ടൈറ്റാനിക് അന്തർവാഹിനിയിൽ ശതകോടീശ്വരന്മാർക്കായി കോടിക്കണക്കിന് ഡോളറിന്‍റെ രക്ഷാപ്രവർത്തനം നടക്കുമ്പോൾ, കാണാതായ കുടിയേറ്റക്കാർക്കുള്ള പ്രതികരണം പ്രാഥമികമായി അതിർത്തികൾ കർശനമാക്കുന്നതിനെ ചുറ്റിപ്പറ്റിയാണ്. #OceanGate," ജമാല്‍ എന്നയാള്‍ എഴുതി.
"പരിമിതമായ വിഭവങ്ങളുള്ള ബോട്ടുകളിലെ കുടിയേറ്റക്കാരെയും അജ്ഞാതമായ ആഴങ്ങളിൽ ആകാംക്ഷയും അത്ഭുതവും സമ്മാനിച്ച ധീരരായ പര്യവേക്ഷകരായി കണ്ടാൽ എന്ത് സംഭവിക്കും, ഞാൻ അത്ഭുതപ്പെടുന്നു," മിന്‍ ജിന്‍ ലീ എഴുതി.
"ടൈറ്റാനിക് കാണുന്നതിനിടെ കടലിൽ കാണാതായ ഒരു കോടീശ്വരൻ ഒന്നാം പേജ് വാർത്തയാണ്. 300 കുടിയേറ്റക്കാർ ഗ്രീസ് തീരത്ത് ബോട്ടിൽ മരിക്കുന്നു, ബ്രിട്ടീഷ് മാധ്യമങ്ങൾ അവരെക്കുറിച്ച് മനുഷ്യരല്ലാത്തത് പോലെ സംസാരിക്കുന്നു," ഫ്രെഡി കുറിച്ചു. മറ്റ് ചിലര്‍ രണ്ട് അപകടങ്ങളിലെയും കണക്കുകള്‍ നിരത്തി. ഓരോ കുറുപ്പുകളും ട്വിറ്ററില്‍ കോടിക്കണക്കിനാളുകളാണ് വായിച്ചത്. നിരവധി പേര്‍ ആ ആത്മഗതങ്ങളില്‍ പങ്കുചേര്‍ന്നു. ലോകം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് ചിലര്‍ വിലപിച്ചു. മറ്റ് ചിലര്‍ പണവും പരസ്യവും നിയന്ത്രിക്കുന്ന ലോകം സാധാരണക്കാര്‍ക്കുള്ളതല്ലെന്ന് വേദനിച്ചു. പലരും മാധ്യമങ്ങളെ പഴി പറഞ്ഞു. ചിലര്‍ ഭരണകൂടങ്ങളെയും. അപ്പോഴും അങ്ങകലെ അയോണിയൻ കടലിടുക്കില്‍ പൈലോസ് തീരത്ത് ഇപ്പോഴും ഊരും പേരും തിരിച്ചറിയാനാകാത്തെ ചില മനുഷ്യ ശരീരങ്ങള്‍ ഒഴുകിനടക്കുന്നുണ്ടാകണം.
