ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ തലേന്നാൾ എൻഡിഎ എംപിമാർക്ക് പ്രധാനമന്ത്രി വിരുന്നൊരുക്കും
ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്ത്രപരമായ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന് നടക്കാനിരിക്കെ സെപ്തംബർ എട്ടിന് എൻഡിഎ എംപിമാർക്ക് വിരുന്ന് നൽകാനാണ് തീരുമാനം. അത്താഴ വിരുന്നിനായി എംപിമാരെ ക്ഷണിക്കാൻ തീരുമാനിച്ചതായി വിവരം പുറത്തുവരുന്നു. അഭിമാന പോരാട്ടമായ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുൻപ് സഖ്യകക്ഷികളുമായി ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കമാണ് അത്താഴവിരുന്നിലേക്ക് നയിച്ചത്.
തന്ത്രപരമായ ചർച്ചകൾക്കും സഖ്യകക്ഷികൾക്കിടയിൽ സമവായം ശക്തമാക്കുന്നതിലുമായിരിക്കും അത്താഴവിരുന്ന് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് വിവരം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണനെയാണ് എൻഡിഎ സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന് തന്നെ എല്ലാ എൻഡിഎ എംപിമാരും വോട്ട് ചെയ്യുമെന്ന് അത്താഴ വിരുന്നിൽ ഒന്നുകൂടി ഉറപ്പാക്കും.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 50 ശതമാനത്തിലേറെ വോട്ട് സ്ഥാനാർത്ഥി നേടേണ്ടതുണ്ട്. ജനസംഖ്യാപരമായ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം അനുസരിച്ചാണ് വോട്ടെടുപ്പ് നടക്കുക. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് സുദർശൻ റെഡ്ഡിയാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ മുന്നോട്ട് വെച്ച എതിർസ്ഥാനാർത്ഥി. വിപ്പ് ബാധകമല്ലാത്ത തെരഞ്ഞെടുപ്പാണിത്. അതിനാൽ തന്നെ ഏതംഗത്തിനും ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം.

