
സമീപകാലത്ത് സ്വർണ വില ദിനംപ്രതി കുതിച്ചുയരുന്ന കാഴ്ച ലോകം അമ്പരപ്പോടെയാണ് നോക്കി നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നായി സ്വർണം തുടരുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2025ലെ കണക്കുകൾ പ്രകാരം ആഗോള സ്വർണ്ണ വിതരണത്തിന്റെ 60 ശതമാനത്തിലധികവും വഹിക്കുന്നന്നത് 10 രാജ്യങ്ങളാണ്. ഔദ്യോഗിക ഡാറ്റ, ഉൽപ്പാദന സ്ഥിതിവിവരക്കണക്കുകൾ, വിപണി വിശകലനം എന്നിവ അടിസ്ഥാനമാക്കി ഈ 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച്, ലോകത്തിലെ സ്വർണ്ണത്തിന്റെ ഏകദേശം 10% ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. ചൈന നാഷണൽ ഗോൾഡ് ഗ്രൂപ്പ്, ഷാൻഡോംഗ് ഗോൾഡ് തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള വൻകിട കമ്പനികളാണ് ഇവിടുത്തെ ഖനന മേഖലയെ നയിക്കുന്നത്. ഷാൻഡോംഗ്, ഹെനാൻ, ജിയാങ്‌സി എന്നിവയാണ് സ്വർണ്ണം ഉത്പാദിപ്പിക്കുന്ന പ്രധാന പ്രവിശ്യകളിൽ ചിലത്.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ റഷ്യ രണ്ടാം സ്ഥാനത്താണ്. റഷ്യയുടെ സ്വർണ്ണ ശേഖരം പ്രധാനമായും സൈബീരിയയിലും ഫാർ ഈസ്റ്റിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. റഷ്യയുടെ മൊത്തത്തിലുള്ള കയറ്റുമതി സമ്പദ്‌വ്യവസ്ഥയിൽ സ്വർണ്ണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. റഷ്യ ഒരു തന്ത്രപരമായ കരുതൽ ആസ്തിയായും സ്വർണം ഉപയോഗിക്കുന്നുണ്ട്.
ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. ഓസ്ട്രേലിയ ഉത്പാദിപ്പിക്കുന്ന സ്വർണ്ണത്തിന്റെ 80% ഏഷ്യൻ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ചൈനയിലേക്കും ഇന്ത്യയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. സ്വർണ്ണം ശുദ്ധീകരിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള ഒരു കേന്ദ്രമായും ഓസ്‌ട്രേലിയ പ്രവർത്തിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ കാനഡ നാലാം സ്ഥാനത്താണ്. രാജ്യത്തിൻ്റെ ഭൂമിശാസ്ത്രപരമായ വൈവിധ്യമാണ് ഇതിന് പ്രധാന കാരണം. ക്യൂബെക്കിലെ അബിറ്റിബി ഗ്രീൻസ്റ്റോൺ ബെൽറ്റ്, യുകോണിലെ ക്ലോണ്ടൈക്ക് എന്നിവയാണ് പ്രധാന മേഖലകൾ. കാനഡയെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയാണ് സ്വർണ വ്യവസായം. ഇത് ദേശീയ ജിഡിപിയിലേക്ക് ഗണ്യമായ സംഭാവന നൽകുന്നുമുണ്ട്.
ലോക സ്വർണ്ണ ഉൽപ്പാദനത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് അഞ്ചാം സ്ഥാനത്താണ്. രാജ്യത്തിന്റെ മൊത്തം സ്വർണ്ണ ഉൽപ്പാദനത്തിൻ്റെ ഏകദേശം 75% ലഭിക്കുന്നത് നെവാഡയിൽ നിന്നാണ്. രാജ്യത്തെ സ്വർണ്ണ ഉൽപ്പാദനം സ്ഥിരമായി തുടർന്നുകൊണ്ടിരിക്കുകയാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു. ഖനി സുരക്ഷയിലും നവീകരണത്തിലും യുഎസ് ഒരു ഗ്ലോബൽ ലീഡറാണെന്ന് തന്നെ പറയാം.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ ഘാനയാണ് ആറാം സ്ഥാനത്ത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച സ്വർണ ഉത്പാദകരാണ് ഘാന. ഘാനയുടെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 40% സ്വർണ്ണമാണെന്നാണ് ഘാനയുടെ ചേംബർ ഓഫ് മൈൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ മെക്സിക്കോയാണ് ഏഴാം സ്ഥാനത്ത്. നൂറ്റാണ്ടുകളുടെ ഖനന പാരമ്പര്യവും വിദേശ നിക്ഷേപവും കാരണം ലോകത്തിലെ പ്രധാന സ്വർണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ ഒന്നായി തുടരുകയാണ് മെക്സിക്കോ. മെക്സിക്കൻ മൈനിംഗ് ചേംബറിൻ്റെ കണക്കനുസരിച്ച് സോനോറ, സകാറ്റെകാസ് എന്നിവയാണ് പ്രധാന ഉൽപ്പാദന കേന്ദ്രങ്ങൾ.
സ്വർണ്ണോത്പാദനത്തിൽ ലോക രാജ്യങ്ങളിൽ എട്ടാം സ്ഥാനത്ത് ഇന്തോനേഷ്യയാണ്. വൻകിട ഖനന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഖനികളിൽ ഒന്നായ പാപുവയിലെ ഗ്രാസ്‌ബെർഗ് ഖനി ഇതിന് ഉദാഹരണമാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടർച്ചയായ ശ്രമങ്ങൾ ദേശീയ ഉൽപ്പാദനം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഊർജ്ജ, ധാതു വിഭവ മന്ത്രാലയം പറയുന്നു.
തെക്കേ അമേരിക്കയിൽ സ്വർണം ഖനനം ചെയ്യുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് പെറു. പെറുവിന്റെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ ഏകദേശം 15% സ്വർണ്ണമാണ്. കജാമാർക്ക, ലാ ലിബർട്ടാഡ് എന്നിവിടങ്ങളിലെ പ്രധാന ഖനന പ്രവർത്തനങ്ങളാണ് ഉൽപ്പാദനത്തിൽ സ്ഥിരത നിലനിർത്താൻ സഹായിക്കുന്നത്. എന്നിരുന്നാലും, അനധികൃത ഖനനവും പാരിസ്ഥിതിക പ്രശ്നങ്ങളും കാരണം പെറും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്.
ലോകത്തിലെ മുൻനിര സ്വർണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ മധ്യേഷ്യയിലെ പ്രധാന ശക്തിയായ ഉസ്ബെക്കിസ്ഥാനാണ് പത്താം സ്ഥാനത്ത്. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ-പിറ്റ് സ്വർണ്ണ നിക്ഷേപങ്ങളിൽ ഒന്നായ മുരുന്തോ ഖനി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ജിയോളജി ആൻഡ് മിനറൽ റിസോഴ്‌സസ് സ്റ്റേറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, തന്ത്രപരമായ പരിഷ്കാരങ്ങൾ വിദേശ നിക്ഷേപം ആകർഷിക്കുകയും ഉൽപാദന കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam