
വാഷിംഗ്ടണ്‍: നാല് പതിറ്റാണ്ടിലേറെ കൊലപാതക കേസിൽ ജയിലിൽ കഴിഞ്ഞ ഇന്ത്യൻ വംശജനായ സുബ്രഹ്മണ്യം വേദമിനെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് കോടതികൾ. ഇത് സംബന്ധിച്ച് യുഎസ് കോടതികൾ ഇമിഗ്രേഷൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തിടെയാണ് സുബ്രഹ്മണ്യം കുറ്റവിമുക്തനാക്കപ്പെട്ടത്. കുടുംബാംഗങ്ങൾ സ്നേഹത്തോടെ 'സുബു' എന്ന് വിളിക്കുന്ന 64-കാരനായ ഇദ്ദേഹത്തെ, നാടുകടത്തലിനായി വിമാനത്താവള സൗകര്യങ്ങളുള്ള ലൂസിയാനയിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന് എപി റിപ്പോർട്ട് ചെയ്യുന്നു.
ഇദ്ദേഹത്തിന്‍റെ കേസ് പുനഃപരിശോധിക്കണോ എന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അപ്പീൽസ് തീരുമാനിക്കുന്നത് വരെ നാടുകടത്തൽ താൽക്കാലികമായി നിർത്തിവെക്കാൻ കഴിഞ്ഞ ആഴ്ച ഒരു ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിട്ടു. ഈ നടപടിക്ക് മാസങ്ങളെടുക്കും. ഇതേ ദിവസം തന്നെ പെൻസിൽവാനിയയിലെ ഒരു ജില്ലാ കോടതിയും ഇദ്ദേഹത്തെ നാടുകടത്തുന്നത് തടഞ്ഞു.
ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് സുബ്രഹ്മണ്യം യുഎസിൽ എത്തുന്നത്. 1980ൽ തന്‍റെ സുഹൃത്ത് തോമസ് കിൻസറെ കൊലപ്പെടുത്തി എന്നാരോപിച്ച് 1982ൽ അദ്ദേഹം അറസ്റ്റിലായി. അന്ന് 19 വയസുണ്ടായിരുന്ന കിൻസറെ 1980 ഡിസംബറിൽ കാണാതാവുകയായിരുന്നു. ഒമ്പത് മാസങ്ങൾക്ക് ശേഷം വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കിൻസറെ അവസാനമായി കണ്ടത് സുബ്രഹ്മണ്യം ആയിരുന്നു. ഈ കാലയളവിൽ, യുഎസിലെ നിയമപരമായ സ്ഥിര താമസക്കാരനായിരുന്ന സുബ്രഹ്മണ്യം മയക്കുമരുന്ന് കേസുകളിലും തടവിൽ കഴിഞ്ഞിട്ടുണ്ട്.
1983-ൽ ശിക്ഷിക്കപ്പെട്ട സുബ്രഹ്മണ്യത്തിന് പരോളില്ലാത്ത ജീവപര്യന്തമാണ് ലഭിച്ചത്. ഒരു മയക്കുമരുന്ന് കുറ്റത്തിന് രണ്ടര വർഷം മുതൽ അഞ്ച് വർഷം വരെ അധിക തടവും ലഭിച്ചിരുന്നു. സാഹചര്യത്തെളിവുകൾ മാത്രമാണ് സുബ്രഹ്മണ്യത്തിന്‍റെ ശിക്ഷയ്ക്ക് ആധാരമായതെന്നും, സാക്ഷികളോ, കൊലപാതക കാരണം സംബന്ധിച്ച വിവരങ്ങളോ മറ്റ് തെളിവുകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകർ വാദിച്ചു. വർഷങ്ങളായി, അദ്ദേഹത്തിന്‍റെ നിരപരാധിത്വം തെളിയിക്കാൻ കുടുംബം വലിയ പരിശ്രമങ്ങൾ നടത്തി.
പെൻസിൽവാനിയയിലെ ജയിലിനുള്ളിൽ വെച്ച് സുബ്രഹ്മണ്യം മൂന്ന് ബിരുദങ്ങൾ നേടുകയും, ഒരു അധ്യാപകനാവുകയും, നിരവധി തടവുകാർക്ക് ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു. സുബ്രഹ്മണ്യത്തിന്‍റെ അച്ഛൻ 2009ലും അമ്മ 2016ലും അന്തരിച്ചു. ദശാബ്‍ദങ്ങളായി പ്രോസിക്യൂട്ടർമാർ ഒളിച്ചുവെച്ച തെളിവുകൾ സുബ്രഹ്മണ്യത്തിന്‍റെ അഭിഭാഷകർ കണ്ടെത്തിയതിനെത്തുടർന്ന്, ഓഗസ്റ്റ് മാസത്തിൽ പെൻസിൽവാനിയ കോടതി അദ്ദേഹത്തിന്‍റെ ശിക്ഷ റദ്ദാക്കി. ഇതോടെ അദ്ദേഹത്തിന് വീണ്ടും ജീവിതത്തിലേക്ക് ഒരു അവസരം ലഭിച്ചു.
വീണ്ടും തടങ്കലിൽ
43 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ ശേഷം ഒക്ടോബർ മൂന്നിനാണ് സുബ്രഹ്മണ്യം മോചിതനായത്. എന്നാൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് ഉടൻ തന്നെ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ശിക്ഷിക്കപ്പെട്ട ചെറിയ മയക്കുമരുന്ന് കുറ്റത്തിന്‍റെ പേരിൽ ഇപ്പോൾ ഐസിഇ അദ്ദേഹത്തെ നാടുകടത്താൻ ശ്രമിക്കുകയാണ്. കൊലപാതക കേസിലെ ശിക്ഷ റദ്ദാക്കിയത് പോലെ മയക്കുമരുന്ന് കേസിലെ ശിക്ഷ റദ്ദാക്കുന്നില്ലെന്ന് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍, നാല് പതിറ്റാണ്ടിലേറെ അദ്ദേഹത്തെ തെറ്റായി തടങ്കലിൽ വെച്ചതിന്, മയക്കുമരുന്ന് കുറ്റത്തേക്കാൾ പ്രാധാന്യം നൽകണമെന്ന് സുബ്രഹ്മണ്യത്തിന്‍റെ സഹോദരിയും അഭിഭാഷകരും ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam