
ന്യൂയോർക്ക്: അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വിവിധ സംസ്ഥാനങ്ങളിൽ കനത്ത നാശനാഷ്ടം. ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 36 ആയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മിസോറിയിൽ മാത്രം 14 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് വ്യക്തമാകുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം ചുഴലിക്കാറ്റ് താറുമാറാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും വിവിധ നഗരങ്ങൾ ഇപ്പോഴും ഇരുട്ടിലാണെന്നാണ് വിവരം.
ടെക്സസിൽ പൊടിക്കാറ്റിനെത്തുടർന്നുണ്ടായ കാർ അപകടങ്ങളിലെ മൂന്ന് മരണം ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടം വിതച്ച മിസോറിയിൽ 14 പേർ കൊല്ലപ്പെട്ടു. 26 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി മുന്നറിയിപ്പുകളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല. മിസോറിയിൽ പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. സാധാരണനിലയിലേക്ക് എത്തുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന വാർത്ത ഗ്രീൻ കാർഡുള്ള വിദേശ പൗരനെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതായും നഗ്നനാക്കി പരിശോധിച്ചെന്നുമാണ്. ഫാബിയാൻ ഷ്‍മിട്ത്ത് എന്ന ജർമൻ പൗരൻ ലക്സംബർഗിൽ നിന്നുള്ള യാത്രയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച അമേരിക്കയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവമെന്ന് ന്യൂസ് വീക്കാണ് റിപ്പോർട്ട് ചെയ്തത്. 34 കാരനായ ഇയാളെ വസ്ത്രങ്ങൾ അഴിച്ച് പരിശോധിച്ചതിന് പുറമെ എമിഗ്രേഷൻ വിഭാഗത്തിൽ 'ഭീകരമായ' ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചോദ്യം ചെയ്യലിനൊടുവിൽ യുവാവിനെ അമേരിക്കൻ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. എന്ത് കാരണത്തിന്റെ പേരിലാണ് ഫാബിയാനെ കസ്റ്റഡിയിൽ എടുത്തതെന്ന് അറിയില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇയാൾക്കെതിരെ ഏതെങ്കിലും ക്രിമിനൽ കേസുകൾ നിലവിലില്ല. ഗ്രാൻ കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടുമില്ലെന്നും ബന്ധുക്കൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം