വിദേശയാത്ര കഴി‌ഞ്ഞ് എത്തുന്ന യുവാവിനെ സ്വീകരിക്കാൻ ഇയാളുടെ പങ്കാളി വിമാനത്താവളത്തിൽ എത്തിയിരുന്നു. നാല് മണിക്കൂർ കഴിഞ്ഞും ഫാബിയാൻ പുറത്തു വരാതായപ്പോഴാണ് അവർ പരാതി നൽകിയത്.

ന്യൂയോർക്ക്: അമേരിക്കയിൽ ഗ്രീൻ കാർഡുള്ള വിദേശ പൗരനെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതായും നഗ്നനാക്കി പരിശോധിച്ചതായും ആരോപണം. ഫാബിയാൻ ഷ്‍മിട്ത്ത് ജർമൻ പൗരൻ ലക്സംബ‍ർഗിൽ നിന്നുള്ള യാത്രയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച അമേരിക്കയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവമെന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. 34കാരനായ ഇയാളെ വസ്ത്രങ്ങൾ അഴിച്ച് പരിശോധിച്ചതിന് പുറമെ എമിഗ്രേഷൻ വിഭാഗത്തിൽ 'ഭീകരമായ' ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ പറ‌ഞ്ഞത്.

ചോദ്യം ചെയ്യലിനൊടുവിൽ യുവാവിനെ അമേരിക്കൻ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. എന്ത് കാരണത്തിന്റെ പേരിലാണ് ഫാബിയാനെ കസ്റ്റഡിയിൽ എടുത്തതെന്ന് അറിയില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇയാൾക്കെതിരെ ഏതെങ്കിലും ക്രിമിനൽ കേസുകൾ നിലവിലില്ല. ഗ്രാൻ കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടുമില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വിദേശയാത്ര കഴി‌ഞ്ഞ് എത്തുന്ന യുവാവിനെ സ്വീകരിക്കാൻ ഇയാളുടെ പങ്കാളി വിമാനത്താവളത്തിൽ എത്തിയിരുന്നു. നാല് മണിക്കൂർ കഴിഞ്ഞും ഫാബിയാൻ പുറത്തു വരാതായപ്പോഴാണ് അവർ പരാതി നൽകിയത്. എന്തിനാണ് കസ്റ്റഡിയിൽ എടുത്തതെന്ന് മനസിലാക്കാനും മോചിപ്പിക്കാനും ശ്രമം നടത്തുകയാണെന്ന് ബന്ധുക്കൾ പിന്നീട് പറ‌ഞ്ഞു.

ഗ്രീൻ കാർഡ് തടഞ്ഞുവെച്ചിരിക്കുന്നു എന്ന് മാത്രമാണ് അധികൃതർ അറിയിച്ചതെന്ന് ഫാബിയാന്റെ അമ്മ പറ‌ഞ്ഞു. സംഭവത്തിൽ കടുത്ത അമർശം രേഖപ്പെടുത്തിയ അവർ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് തങ്ങൾക്ക് ഒരു ധാരണയുമില്ലെന്നും പറഞ്ഞു. നേരത്തെയുണ്ടായിരുന്ന ഗ്രീൻ കാർഡ് നഷ്ടമായ ശേഷം 2023ൽ നിയമപരമായി പുതിയ ഗ്രീൻ കാർഡ് അനുവദിച്ചിരുന്നു. ഇതിന് ശേഷം വിദേശത്ത് പോയി തിരികെ എത്തിയപ്പോഴായിരുന്നു എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചത്. തുടർന്ന് കർശനമായ ചോദ്യം ചെയ്യലിന് വിധേയനാക്കി. നഗ്നനാക്കി പരിശോധിക്കുകയും ചെയ്തു. തുടർന്ന് തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

അതേസമയം ഗ്രീൻ കാർഡുള്ളവർ ലഹരി കേസുകളിൽ പ്രതിയാണെങ്കിൽ മാത്രമാണ് അവർ രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്ന സമയത്ത് ഇത്തരം പരിശോധനകൾ നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതെന്ന് അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗത്തിലെ പബ്ലിക് അഫയേഴ്സ് അസിസ്റ്റന്റ് കമ്മീഷണർ ഹിൽട്ടൻ ബെക്കാം പറഞ്ഞു. മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതയാണെന്നും ലഹരി കേസുകളുള്ളവർ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ ഉദ്യോഗസ്ഥ‌ർ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം