
വാഷിങ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് എച്ച്-1ബി (H-1B) വിസ അപേക്ഷാ ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം പുതിയ കരട് നിയന്ത്രണ ചട്ടം പുറത്തിറക്കി. ഒരു അപേക്ഷയ്ക്ക് 1,03,265 ഡോളർ (ഏകദേശം 99 ലക്ഷത്തോളം രൂപ) ഫീസ് ഈടാക്കാനാണ് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ശുപാർശ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ട്രംപ് താൽക്കാലികമായി ചുമത്തിയ ഒരു ലക്ഷം ഡോളർ ഫീസ് വർദ്ധനവ് ഒരു ഫെഡറൽ ജഡ്ജി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. ഈ താൽക്കാലിക ഉത്തരവിൻ്റെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ്, ഫീസ് വർദ്ധനവ് ശാശ്വതമാക്കുന്നതിനായി യു.എസ് ഫെഡറൽ രജിസ്റ്ററിൽ നിർദ്ദിഷ്ട കരട് ചട്ടം പ്രസിദ്ധീകരിച്ചത്.
മുമ്പ് 2,000 മുതൽ 5,000 ഡോളർ വരെയായിരുന്ന അടിസ്ഥാന ചെലവുകൾക്ക് പുറമെയാണ് ഈ ഭീമമായ തുക പുതുതായി നൽകേണ്ടി വരുന്നത്. വാർഷിക പരിധിക്ക് (Annual Cap) കീഴിൽ വരുന്ന 65,000 പൊതു വിസകൾക്കും ഉന്നത ബിരുദധാരികൾക്കായുള്ള 20,000 പ്രത്യേക വിസകൾക്കുമായി സമർപ്പിക്കുന്ന പുതിയ പെറ്റീഷനുകൾക്ക് ഈ ഫീസ് ബാധകമായിരിക്കും.
സർവ്വകലാശാലകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സമർപ്പിക്കുന്ന ക്യാപ്-എക്സംപ്റ്റ് (Cap-exempt) അപേക്ഷകൾക്ക് ഈ ഫീസ് ബാധകമല്ല. നിലവിൽ വിസയുള്ളവരുടെ പുതുക്കലുകൾക്കും ഇത് ബാധകമാകില്ല.
യുഎസ് ടെക്നോളജി, ഗവേഷണ, ധനകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാൽ പുതിയ നിർദ്ദേശം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും യുഎസ് കമ്പനികളെയുമാണ്. യുഎസ് ഇമിഗ്രേഷൻ സംവിധാനം നടത്തുന്നതിനുള്ള ചെലവുകൾ തിരിച്ചുപിടിക്കാനും അമേരിക്കൻ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ പ്രേരിപ്പിക്കാനുമാണ് ഈ നടപടിയെന്ന് ഭരണകൂടം വാദിക്കുമ്പോൾ, ഇത് നിയമപരമായ കുടിയേറ്റത്തെ തടസ്സപ്പെടുത്തുമെന്ന് കുടിയേറ്റ അനുകൂല സംഘടനകളും ടെക് കമ്പനികളും വ്യക്തമാക്കുന്നു.
നടപടിക്രമങ്ങൾ എവിടെ വരെ?
ഈ കരട് ചട്ടം ഉടൻ പ്രാബല്യത്തിൽ വരില്ല. ഇതിന്മേൽ നിർദ്ദേശങ്ങളും എതിർപ്പുകളും രേഖപ്പെടുത്താൻ പൊതുജനങ്ങൾക്ക് 30 ദിവസത്തെ സമയമുണ്ട്. തുടർന്ന് വരുന്ന മാസങ്ങളിൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ ഇത് നിയമപരമായി നടപ്പിലാകൂ. അതേസമയം, മുൻ തീരുമാനത്തിനെതിരെ രംഗത്തുവന്ന യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സും മറ്റ് തൊഴിലുടമ സംഘടനകളും പുതിയ നിർദ്ദേശത്തിനെതിരെയും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
വിശദവിവരങ്ങൾക്കായി യുഎസ് സർക്കാരിന്റെ ഔദ്യോഗിക പോർട്ടൽ (https://www.uscis.gov/) സന്ദർശിക്കാവുന്നതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam