
ദില്ലി: ഇന്ത്യയ്ക്കുള്ള പിഴ തീരുവയെ ന്യായീകരിച്ച് ഡോണൾഡ് ട്രംപിൻറെ ഉപദേഷ്ടാവ് പീറ്റർ നവാറോ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി മറിച്ച് വിറ്റ് ലാഭം കൊയ്യുന്നുവെന്ന് ഇന്ത്യയെ കുറ്റപ്പെടുത്തിയ അദ്ദേഹം റഷ്യയുമായും ചൈനയുമായും ഇന്ത്യ അടുക്കാൻ നോക്കുന്നെന്നും കുറ്റപ്പെടുത്തി. ഇന്ത്യയ്ക്ക് വേദനിക്കുന്നിടത്താണ് അടിച്ചതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫിനാൻഷ്യൽ ടൈംസിലായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.
അമേരിക്കയുടെ പങ്കാളിയായി കണക്കാക്കണമെങ്കിൽ ഇന്ത്യ ഈ നിലയിൽ പ്രവർത്തിച്ച് തുടങ്ങണം. റഷ്യൻ എണ്ണയുടെ ആഗോള ക്ലിയറിങ് ഹൗസായാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. റഷ്യയുടെ ക്രൂഡ് ഓയിലിന് ലോകരാഷ്ട്രങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അതിനെ ഉയർന്ന മൂല്യമുള്ള ഉൽപ്പന്നമാക്കി കയറ്റുമതിയിലൂടെ ലാഭം കൊയ്യുകയാണ് ഇന്ത്യ ചെയ്തത്. പകരം റഷ്യയ്ക്ക് ഡോളർ നൽകുകയും ചെയ്തു. ഇത് അവസരവാദപരമായ നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചർച്ചകൾ ഈ മാസം അവസാനം ദില്ലിയിൽ നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് പീറ്റർ നവാറോയുടെ വിമർശനം. ഈ മാസം ആദ്യമാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 25% അധിക തീരുവ പ്രഖ്യാപിച്ചത്. ഇതോടെ മൊത്തം നികുതി 50 ശതമാനമായി ഉയർന്നിരുന്നു.
റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്നാണ് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലിന് വിലക്കേർപ്പെടുത്തിയത്. യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും വിമർശനങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുമായി എണ്ണ ഇടപാട് തുടർന്നു. യൂറോപ്പിൽ നിന്നുള്ള പരമ്പരാഗത സാധനങ്ങൾ വഴിതിരിച്ചുവിട്ടതിനാലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തുടങ്ങിയതെന്നാണ് ഇന്ത്യയുടെ വിശദീകരണം. ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങൾ പോലും റഷ്യയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നുണ്ട്.
ആഗോള ഊർജ്ജ വിപണികളിൽ വില സ്ഥിരത നിലനിർത്തിക്കൊണ്ട്, എണ്ണ വിൽപ്പനയിൽ നിന്നുള്ള റഷ്യയുടെ വരുമാനം പരിമിതപ്പെടുത്താനായിരുന്നു ലോക രാഷ്ട്രങ്ങളുടെ ശ്രമം. എന്നാൽ ഇന്ത്യൻ കമ്പനികളും ചൈനീസ് കമ്പനികളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതോടെ പുടിൻ്റെ തലവേദന അകന്നു. റഷ്യയുമായി പതിറ്റാണ്ടുകളായി തുടരുന്ന സൗഹാർദ സമീപനം അവസാനിപ്പിക്കാൻ ഇന്ത്യ തയ്യാറാകുമോയെന്നതാണ് ഇപ്പോഴത്തെ ചോദ്യം.