വീട്ടിലുണ്ടായിരുന്ന വളർത്തുനായ കിടക്കയിൽ കയറിയതെന്ന് വിചാരിച്ച യുവതി കണ്ണു തുറന്നത് പെരുമ്പാമ്പിന് നേരെ

ബ്രിസ്ബേൻ: രാത്രിയിൽ ഉറങ്ങുമ്പോൾ വലിയ ഭാരം അനുഭവപ്പെട്ട് ഉണർന്ന യുവതി കാണുന്നത് നെഞ്ചിൽ ചുറ്റിവളഞ്ഞിരിക്കുന്ന പെരുമ്പാമ്പിനെ. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലാണ് സംഭവം. രണ്ടര മീറ്റർ നീളമുള്ള പെരുമ്പാമ്പാണ് കിടപ്പ് മുറിയിലേക്ക് പുലർച്ചെയെത്തിയത്. റേച്ചൽ ബ്ലോർ എന്ന യുവതിക്കാണ് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്. തുടക്കത്തിൽ വയറിലാണ് യുവതിക്ക് ഭാരം തോന്നിയത്. വളർത്തുനായ കിടക്കയിൽ കയറിയതാണെന്ന ധാരണയായിരുന്നു ഈ സമയത്ത് യുവതിക്ക് തോന്നിയത്. എന്നാൽ താങ്ങാൻ പറ്റാത്ത ഭാരം പിന്നീട് നെഞ്ചിലും അനുഭവപ്പെട്ട് തുടങ്ങിയതോടെയാണ് യുവതി ഉറക്കത്തിൽ നിന്ന് ഉണരുന്നത്. പുതപ്പ് മാറ്റാൻ ശ്രമിക്കുമ്പോളാണ് യുവതിക്ക് അസാധാരണമായതെന്തോ തട്ടിയത് പോലെ തോന്നിയതും മുറിയിൽ ലൈറ്റ് ഇട്ടതും. പാമ്പിനെ കണ്ടതോടെ റേച്ചൽ ബ്ലോർ ഭർത്താവിനെ സഹായത്തിനായി വിളിക്കുകയായിരുന്നു. തന്റെ വളർത്തുനായ്ക്കളെ പാമ്പ് എന്തെങ്കിലും ചെയ്തുവോയെന്ന ആശങ്കയായിരുന്നു യുവതിക്കുണ്ടായിരുന്നത്. സമനില വീണ്ടെടുത്ത യുവതിയുടെ ഭർത്താവ് നായ്ക്കളെ മുറിയിൽ നിന്ന് പുറത്ത് എത്തിച്ചു. ഇതിന് പിന്നാലെ പുതപ്പിനടിയിൽ നിന്ന് യുവതി ഉരുണ്ട് മാറുകയായിരുന്നു.

ജനാലയിലൂടെ കിടപ്പുമുറിയിലെത്തിയത് വമ്പൻ പാമ്പ് 

മുറിയുടെ വശത്തുള്ള ജനാലയിലൂടെയാണ് പെരുമ്പാമ്പ് മുറിയിലേക്ക് കയറിയത്. കയറിയത് പാമ്പാണല്ലോ തവള ആയിരുന്നേൽ നടന്നത് വേറെ കാര്യങ്ങൾ ആയിരുന്നേനെയെന്നാണ് റേച്ചൽ ബ്ലോർ സംഭവത്തേക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. പിന്നീട് ബ്രിസ്ബേനിൽ നിന്ന് പാമ്പ് പിടുത്തക്കാരെത്തിയാണ് മുറിയിൽ നിന്ന് പെരുമ്പാമ്പിനെ നീക്കിയത്. മേഖലയിൽ പെരുമ്പാമ്പുകളുടെ എണ്ണം കൂടിയതായും വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് വർധിച്ചതായുമാണ് അധികൃതർ സംഭവത്തേക്കുറിച്ച് പറയുന്നത്. യുവതിയുടെ തന്നെ സ്ഥലത്ത് നിന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് 16 പാമ്പിൻ മുട്ടകൾ കണ്ടെത്തിയത്. പാമ്പുകളെ കണ്ടെത്തിയാൽ വൈദഗ്ധ്യമുള്ളവരുടെ സഹായം തേടാൻ മടിക്കരുതെന്നാണ് അധികൃതർ പ്രദേശവാസികളോട് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം