
വാഷിംഗ്ടൺ: ഇറാനെതിരെ സൈനികാക്രമണം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ മറ്റൊരു സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി തലേദിവസം സംസാരിച്ചതിന് പിന്നാലെയാണ് ഞായറാഴ്ചയോടെ ആക്രമണം ഉണ്ടായേക്കാമെന്ന് ട്രംപ് വ്യക്തമാക്കിയത്. അതേസമയം, സമാധാനപരമായ ഒരു കരാറിനുള്ള സാധ്യതയും അദ്ദേഹം പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല.
ഫ്ലോറിഡയിൽ ഇടക്കാല തെരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. അന്തിമ തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, "ഞാൻ നിങ്ങളോട് അത് പറയുമെന്ന് നിങ്ങൾക്ക് തോന്നുടുന്നുണ്ടോ? ഒരുപക്ഷേ നാളെ ഉണ്ടായേക്കാം... ആക്രമണം നടത്താനുള്ള സാധ്യതയുണ്ട്, അതുപോലെ തന്നെ നല്ലൊരു വലിയ മനോഹരമായ കരാറിലെത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്" എന്നായിരുന്നു ട്രംപിന്റെ മറുപടി. എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഇറാനെതിരെ 'എപ്പിക് ഫ്യൂറി' എന്ന പേരിൽ മറ്റൊരു സൈനിക ക്യാമ്പയിൻ കൂടി ആരംഭിച്ചേക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫിലെ സമുദ്രാന്തര ആശയവിനിമയ കേബിളുകൾ തകർക്കാൻ ടെഹ്‌റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഫെബ്രുവരി 28നാണ് യുഎസും ഇസ്രയേലും ചേർന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും നേതാക്കളുടെ ഓഫീസുകൾക്കും നേരെ വ്യോമാക്രമണം ആരംഭിച്ചത്. ഈ ആക്രമണത്തിലാണ് അക്കാലത്തെ ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടത്.
ഇറാനെതിരെ അമേരിക്കൻ സൈന്യം വൻ വിജയമാണ് നേടിയതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ മുഴുവൻ യുദ്ധവിമാനങ്ങളെയും തകർത്തു തരിപ്പണമാക്കിയതായും, അവരുടെ 259 കപ്പലുകൾ കടലിന്‍റെ അടിത്തട്ടിലാക്കിയതായും അദ്ദേഹം പറഞ്ഞു. നിലവിൽ റെക്കോർഡ് പണപ്പെരുപ്പമാണ് ഇറാൻ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറുകളിൽ ഒപ്പുവെച്ച ശേഷം ഇറാൻ അത് പാലിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും, എന്നാൽ തങ്ങളുടെ ലക്ഷ്യം ഇറാൻ അണുബോംബ് നിർമ്മിക്കുന്നത് തടയുക എന്നത് മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി.
അതിനിടയിൽ, യു.എസ് നാവിക ഉപരോധം നീക്കുന്നതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാൻ പാകിസ്ഥാൻ മധ്യസ്ഥർ വഴി ഇറാൻ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചു എന്ന വാർത്തകൾ ടെഹ്‌റാൻ നിഷേധിച്ചു. സൗദി അറേബ്യൻ മാധ്യമങ്ങൾ പുറത്തുവിട്ട ഈ റിപ്പോർട്ടുകൾ തികച്ചും വ്യാജമാണെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധപ്പെട്ട തസ്നിം വാർത്താ ഏജൻസി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam