
വാഷിംഗ്ടൺ: അമേരിക്ക നടത്തിയ ശക്തമായ സൈനിക നീക്കങ്ങൾ ഒടുവിൽ ഇറാനെ ഒരു സമാധാന കരാറിലേക്ക് എത്തിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ കുറച്ചുമാസങ്ങളായി കരാർ ഉടൻ ഉണ്ടാകുമെന്ന് ട്രംപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇത്തവണ കാര്യങ്ങൾ അനുകൂലമാണെന്നാണ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇറാൻ നിലവിൽ കനത്ത ആഘാതമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും തന്നേക്കാൾ കൂടുതൽ ഈ കരാർ ഇപ്പോൾ ആഗ്രഹിക്കുന്നത് ഇറാനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വ്യോമാക്രമണം റദ്ദാക്കിയത് ഇരുരാജ്യങ്ങളും തമ്മിൽ കരാറിനോട് അടുത്തതിനാലാണെന്നും ആക്രമണം നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന് അമേരിക്ക ഇറാനെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസമായി അമേരിക്ക ഇറാനെതിരെ കനത്ത ആക്രമണമാണ് നടത്തിയതെന്നും സൈനികപരമായി അമേരിക്ക ഈ യുദ്ധം വളരെ നേരത്തെ തന്നെ ജയിച്ചതാണെന്നും ട്രംപ് അവകാശപ്പെട്ടു.
എന്നാൽ, അമേരിക്കയുമായി അന്തിമ കരാറിലെത്തിയെന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഏതെങ്കിലും തരത്തിലുള്ള കരാറിന്‍റെ കാര്യത്തിൽ ടെഹ്റാൻ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയോട് വ്യക്തമാക്കി. ഖത്തറും പാകിസ്ഥാനും മധ്യസ്ഥരായി സജീവമായി രംഗത്തുണ്ടെങ്കിലും അമേരിക്കയുടെ നിലപാടുകൾ നയതന്ത്ര ചർച്ചകളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചർച്ചകളുടെ തുടക്കം മുതൽ തങ്ങളുടെ നിലപാടുകൾ വ്യക്തമായിരുന്നെന്നും കരാറിന്‍റെ ഭൂരിഭാഗം ഭാഗങ്ങളും നേരത്തെ തന്നെ അന്തിമമാക്കിയിരുന്നതുമാണ്. എന്നാൽ അമേരിക്കൻ ഭരണകൂടം നിരന്തരം നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ബഗായ് പറഞ്ഞു.
തങ്ങൾ നിശ്ചയിച്ചിട്ടുള്ള ചുവപ്പ് രേഖകളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ഇറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യ വക്താവ്, ഹോർമുസ് കടലിടുക്കിലെ ഇപ്പോഴത്തെ സുരക്ഷാ പ്രതിസന്ധിക്ക് കാരണം അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങളാണെന്നും കൂട്ടിച്ചേർത്തു. നേരത്തെ, ഇറാന്‍റെ പരമോന്നത നേതൃത്വം വ്യവസ്ഥകൾ അംഗീകരിച്ചതിനാലാണ് രാത്രി നടത്താനിരുന്ന ബോംബാക്രമണങ്ങൾ റദ്ദാക്കുന്നതെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ അവകാശവാദങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട്, തങ്ങൾ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന ഇറാന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam