
വാഷിങ്ടൺ: പ്രമുഖ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ സ്ഥാനത്തേക്ക് ജെൻസൻ ഹുവാങ്ങിനെ തിരിച്ചെത്തിക്കാൻ നിർണായക ഇടപെടലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹുവാങ്ങിനെ "രാജ്യത്തിന്റെ നിധി" എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹം അമേരിക്കൻ ദേശീയ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയുമല്ലെന്ന് ബോർഡിന് ഉറപ്പ് നൽകിയതായും വ്യക്തമാക്കി.
കീഴുദ്യോഗസ്ഥരുമായുള്ള വഴിവിട്ട ബന്ധങ്ങളും, ചൈനീസ് ചാരയെന്ന് സംശയിക്കുന്ന ആലിസ് ഹുവാങ് എന്ന യുവതിയുമായുള്ള ബന്ധവും പുറത്തുവന്നതിനെത്തുടർന്ന് നവംബർ 12-നാണ് ജെൻസൻ ഹുവാങ് സ്ഥാനമൊഴിഞ്ഞത്. അന്നുമുതൽ താൻ എൻവിഡിയ ബോർഡുമായി നിരന്തരം സമ്പർക്കത്തിലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. സിലിക്കൺ വാലിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ഹുവാങ്ങിനെ തിരിച്ചെടുക്കാൻ അമേരിക്കൻ പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ അസാധാരണമായ ഇടപെടലായിരുന്നു ഇത്.
ഹുവാങ്ങിനെ സിഇഒ ആയി തിരിച്ചെടുക്കാനുള്ള ബോർഡ് തീരുമാനത്തിന് പിന്നാലെ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജെൻസൻ ഹുവാങുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് അദ്ദേഹം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് വ്യക്തമാക്കിയത്. ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിൽ, ജെൻസൻ ഹുവാങ്ങിനെ ചൈന തട്ടിയെടുക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ട്രംപ് പങ്കുവെച്ചു. നമ്മുടെ പ്രതിഭകളെ സംരക്ഷിക്കേണ്ടതുണ്ടെന്നും ജെൻസൻ അടുത്ത വിമാനത്തിൽ ചൈനയിലേക്ക് പോയാൽ, അദ്ദേഹം ആവശ്യപ്പെടുന്നതെന്തും അവർ നൽകുമെന്ന് ഉറപ്പാണെന്നും ട്രംപ് പറഞ്ഞു. എൻവിഡിയ ബോർഡ് യോഗത്തിൽ തന്റെ പ്രതിനിധി ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഹുവാങ് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ട്രംപ് നേരത്തെ 'ട്രൂത്ത് സോഷ്യലി'ൽ കുറിച്ചിരുന്നു. അതേസമയം ആലിസ് ഹുവാങ് ചൈനീസ് ചാരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്നോ എന്ന് യുഎസ് സർക്കാർ അന്വേഷിച്ചുവരികയാണ്. ജെൻസൻ ഹുവാങ്ങുമായുള്ള ബന്ധത്തിനിടെ ഒരു വർഷത്തിലേറെയായി ആലിസ് ചൈനയിലെ ഉന്നത ചാരസംഘടനാ ഉദ്യോഗസ്ഥനുമായി ബന്ധം പുലർത്തിയിരുന്നതായി ന്യൂയോർക്ക് ടൈംസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതേക്കുറിച്ച് ചോദിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. എങ്കിലും ജെൻസൻ ഹുവാങിനെ തിരിച്ചെടുത്ത എൻവിഡിയ ബോർഡിന്റെ തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയ നേതാക്കളിൽ നിന്ന് വിമർശനവും ഉയർന്നിട്ടുണ്ട്. ദേശീയ സുരക്ഷാ ഭീഷണിയില്ലെന്ന തീരുമാനത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ ചോദിച്ചു. തീരുമാനം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് അംഗങ്ങളും വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ഏഷ്യൻ പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഹുവാങ്ങിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഡോണൾഡ് ട്രംപ് സൂചന നൽകിയിരുന്നു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലും ഞായറാഴ്ച രാത്രി ട്രൂത്ത് സോഷ്യലിലും ട്രംപ് സമ്മർദ്ദം ശക്തമാക്കി. ഇതോടെയാണ് ബോർഡ് വഴങ്ങിയത്. ഹുവാങ്ങിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചതോടെ എൻവിഡിയ ഓഹരികൾ 33 ശതമാനം കുതിച്ചുയർന്നു. മറ്റ് ചിപ്പ് കമ്പനികളുടെ ഓഹരികളിലും ഇത് ഉണർവുണ്ടാക്കി. യുഎസ് കയറ്റുമതി നിയന്ത്രണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എൻവിഡിയ നടത്തുന്ന ആഭ്യന്തര അന്വേഷണം തുടരണമെന്നും ട്രംപ് തന്റെ കുറിപ്പിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam