അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ പതറില്ലെന്നും നാവിക ഉപരോധം അവസാനിപ്പിക്കാൻ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ഇറാൻ
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധഭീതി. അമേരിക്കന്‍ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ കടലില്‍ മുക്കുമെന്ന ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇറാന്റെ എണ്ണ കപ്പലിനെ അമേരിക്ക ആക്രമിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ പതറില്ലെന്നും നാവിക ഉപരോധം അവസാനിപ്പിക്കാൻ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ഇറാനും തിരിച്ചടിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇറാന്റെ കപ്പലുകളെ കടലിൽ മുക്കുമെന്ന ഭീഷണി ട്രംപ് നടത്തിയത്.എന്നാൽ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കില്ല എന്ന് ഇറാൻ തിരിച്ചടിച്ചത്. അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ഇറാൻ നീക്കം നടത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗൾഫ് ഓഫ് ഒമാനിൽ ടാങ്കറും സൈനിക സേനയും ഉൾപ്പെട്ട സംഭവമുണ്ടായത്. ഇറാന്റെ എണ്ണക്കപ്പലിനെ അമേരിക്കൻ സൈന്യം തടയുന്നതിനിടെ ആക്രമിച്ചെന്ന റിപ്പോർട്ടുകൾ ഇതിന് പിന്നാലെ പുറത്തുവന്നു. എന്നാൽ അമേരിക്കയോ ഇറാനോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പിന്നാലെയാണ് അമേരിക്കയുടെ നാവിക ഉപരോധം പരീക്ഷിക്കാൻ ഇറാൻ ശ്രമിച്ചാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് രംഗത്ത് വന്നത്.
അമേരിക്കയുടെ ഭീഷണികൾക്കിടെ പുതിയ ഇരട്ട മിസൈൽ വിക്ഷേപണ സംവിധാനം ഇറാൻ പുറത്തുവിട്ടു. ആക്രമണത്തെ നേരിടാൻ ഞങ്ങളുടെ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് ഇറാൻ വിദേശ കാര്യ വക്താവ് പ്രതികരിച്ചു. യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കാൻ സൈനിക ശക്തി ഉപയോഗിക്കും. അന്താരാഷ്ട്ര നിയമപ്രകാരം ഒരു രാജ്യത്തിന് സ്വയം പ്രതിരോധിക്കാൻ ഏത് മാർഗവും ഉപയോഗിക്കാമെന്നും, ഉപരോധം തങ്ങളുടെ സമ്പദ്വ്യവസ്ഥയെ തകർത്തുകൊണ്ടിരിക്കുകയാണെന്നും ഇറാൻ. ഒരേസമയം രണ്ട് മിസൈലുകൾ വിക്ഷേപിക്കാൻ കഴിയുന്ന
ഭൂമിക്കടിയിലെ മിസൈൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു. ഹോര്‍മൂസില്‍ ഇന്നലയും രാത്രിയും രണ്ട് കപ്പലുകള്‍ മൈനുകളില്‍ തട്ടി പൊട്ടിത്തെറിച്ചു. ബഹ്റൈനിലെ വ്യവസായ കേന്ദ്രത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ ബഹറൈന്‍ പൗരന്റെയും പാക് പൗരന്റെയും ചികിത്സ തുടരുകയാണ്.
















