
ന്യൂയോർക്ക്: റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി അലാസ്കയിൽ വ്ലാഡ്മിർ പുടിനുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ഡോണൾഡ് ട്രംപുമായുള്ള വ്ലാഡ്മിർ സെലൻസ്കിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. എന്നാൽ സെലൻസ്കി ഒറ്റയ്ക്കാകില്ല എന്നുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യൂറോപ്യൻ നേതാക്കളുടെ പട തന്നെ സെലൻസ്കിക്കുള്ള പിന്തുണ വ്യക്തമാക്കി അമേരിക്കയിലെത്തും. യു കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണും ഉൾപ്പെടെ അഞ്ച് രാജ്യനേതാക്കളാകും വൈറ്റ് ഹൗസിലെത്തുകയെന്നാണ് വ്യക്തമാകുന്നത്. യൂറോപ്പിന്‍റെ അസാധാരണ നീക്കത്തിന്റെ ലക്ഷ്യം സമാധാന കരാറിൽ യുക്രൈന് സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കലാണ്.
യുദ്ധം അവസാനിപ്പിക്കാനായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിൻ മുന്നോട്ടുവച്ച ആവശ്യങ്ങളിലെ ചർച്ചക്കാണ് ട്രംപ്, സെലൻസ്കിയെ ക്ഷണിച്ചിരിക്കുന്നത്. ഡോൺബാസ് പൂർണമായും വിട്ടുകൊടുക്കണമെന്ന് അലാസ്ക കൂടിക്കാഴ്ചയിൽ പുടിൻ ട്രംപിനോട് ആവശ്യപ്പെട്ടതായാണ് സൂചന. വിട്ടുകൊടുക്കില്ലെന്നാണ് സെലൻസ്കിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് യുക്രൈനൊപ്പം എന്ന് വ്യക്തമാക്കിക്കൊണ്ട് യൂറോപ്യൻ യൂണിയൻ നേതാക്കൾ ഒന്നടങ്കം വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. സെലൻസ്കിയുടെ ആദ്യ വൈറ്റ് ഹൗസ് സന്ദർശനത്തിലെ പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ കൂടിയാണ് യൂറോപ്യൻ നേതാക്കളുടെ പങ്കാളിത്തം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam