'ഇത് അംഗീകരിക്കാന്‍ സാധിക്കില്ല' ; ഇന്ത്യയ്ക്കെതിരെ ട്രംപ്

By Web TeamFirst Published Jul 9, 2019, 11:28 PM IST
Highlights

ഇന്ത്യ- യുഎസ് വ്യാപാര ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യന്‍ വിരുദ്ധ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. 

ദില്ലി: അമേരിക്കന്‍ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തീരുവ പേരില്‍ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6.14നാണ് ട്വിറ്ററിലൂടെ ട്രംപിന്‍റെ പ്രതികരണം. ഇന്ത്യ തോന്നിയ പോലെയാണ് ഉത്പന്നങ്ങള്‍ തീരുവ വര്‍ദ്ധിപ്പിക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.

ഇന്ത്യ- യുഎസ് വ്യാപാര ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യന്‍ വിരുദ്ധ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. അടുത്ത ആഴ്ചയാണ് വ്യാപര ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിനിധികള്‍ ഇന്ത്യയില്‍ എത്തുന്നത്. നേരത്തെ ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ട്രംപും കൂടികാഴ്ച നടത്തിയിരുന്നു.

അന്ന് ഇന്ത്യ- അമേരിക്ക വ്യാപര വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു. അന്നും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കുള്ള തീരുവ പിന്‍വലിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇത് അംഗീകരിച്ചില്ല. ജൂണ്‍ മാസത്തിലാണ് 28 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഉയര്‍ത്തിയത്. ഇന്ത്യയ്ക്കുള്ള വ്യാപക മുന്‍ഗണന പദവി അമേരിക്ക എടുത്തുകളഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. 

click me!