'ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി

Published : Apr 21, 2026, 01:35 AM IST
Mojtaba Khamenei  Donald Trump

Synopsis

ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെ, കരാറിലെത്തിയില്ലെങ്കിൽ നിരവധി ബോംബുകൾ പൊട്ടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ, അമേരിക്കയുടെ അമിത ആവശ്യങ്ങൾ കാരണം അർത്ഥവത്തായ ചർച്ച സാധ്യമല്ലെന്ന് ഇറാനും വ്യക്തമാക്കി. ഇതോടെ, ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചർച്ചകൾ അനിശ്ചിതത്വത്തിലായി

വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിർത്തൽ കരാർ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെ, കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിലെത്താതെ വെടിനിർത്തൽ സമയം തീർന്നാൽ നിരവധി ബോംബുകൾ പൊട്ടാൻ തുടങ്ങും എന്നാണ് പിബിഎസ് ന്യൂസിനോട് അദ്ദേഹം വ്യക്തമാക്കിയത്. വെടിനിർത്തൽ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനാണ് ട്രംപ് ഈ മറുപടി നൽകിയത്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കാൻ പാടില്ല എന്നതാണ് യുഎസിന്റെ പ്രധാന ആവശ്യമെന്ന് ട്രംപ് ആവർത്തിച്ചു. ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചർച്ചകളിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, തന്റെ സംഘത്തെ അയക്കുമെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു.

അതേസമയം യുഎസ് പ്രതിനിധി സംഘത്തിന്റെ യാത്രയെച്ചൊല്ലി വലിയ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ആദ്യം ട്രംപ് പറഞ്ഞിരുന്നുവെങ്കിലും, പിന്നീട് ട്രംപ് തന്നെ വാൻസ് നേതൃത്വം നൽകുന്ന സംഘം ഇസ്‌ലാമാബാദിലേക്ക് തിരിച്ചതായി വ്യക്തമാക്കി. എന്നാൽ വാൻസ് ഇതുവരെ പുറപ്പെട്ടിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.

അമേരിക്കയുമായി അർത്ഥവത്തായ ചർച്ച സാധ്യമല്ലെന്ന് ഇറാൻ

അടുത്തഘട്ട ചർച്ചകളിൽ പങ്കെടുക്കാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ഇറാൻ വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും നാവിക ഉപരോധവുമാണ് കാരണമായി ഇറാൻ പറയുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത അമേരിക്കയുമായി അർത്ഥവത്തായ ചർച്ച സാധ്യമല്ലെന്നും, ഇറാൻ വഴങ്ങിക്കൊടുക്കുമെന്ന് കരുതേണ്ടെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ എക്സിൽ കുറിച്ചു. അതേസമയം പ്രതിസന്ധികൾക്കിടയിലും ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്ന് ട്രംപ് അവകാശപ്പെടുന്നു. തന്‍റെ സംഘം വിജയം കൈവരിക്കുമെന്നും അവരുടെ കഴിവുകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ട്രംപ് പറഞ്ഞു. കൂടാതെ, ചർച്ചകൾക്ക് താൻ നേരിട്ട് ഹാജരാകാൻ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞയാഴ്ച ഇസ്‌ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിലെ അവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. വെടിനിർത്തൽ കാലാവധി അവസാനിക്കാറായതോടെ, സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെടുമോ എന്ന ഭീതി അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നു. വെടിനിർത്തലിനിടയിലും ഇറാന്‍റെ കപ്പലുകൾക്ക് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയതാണ് ഇറാനെ ചൊടിപ്പിച്ചത്. ഇതോടെ തുറന്ന ഹോർമുസ് വീണ്ടും അടയ്ക്കാനും കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ വെടിയുതിർക്കാനും ഇറാൻ തീരുമാനിച്ചു. നിലവിലെ സാഹചര്യത്തിൽ ഒരു ധാരണയിലെത്താൻ സാധിക്കുമോ എന്നത് സംശയകരമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞങ്ങളൊരിക്കലും ഈ നാടിന് ഭീഷണിയല്ല, മുതൽക്കൂട്ടാണ്'; യുഎസിലെ ഇന്ത്യൻ വിരുദ്ധർക്ക് മറുപടിയുമായി നേഹ സുരത്രൻ
ഹോർമുസ് തുറക്കണമെന്ന് ചൈന, നിലപാടറിയിച്ചത് സൗദിയുമായുള്ള ചർച്ചയിൽ, മേഖലയിലെ രാജ്യങ്ങൾക്കൊപ്പമെന്ന് ചൈന