'വെറുപ്പും രക്തവും കൊണ്ട് അയാളുടെ കണ്ണ് കാണാതായി, നമ്മുടെ കാലത്തെ ഹിറ്റ്ലർ'; ഇസ്രയേൽ അക്രമിക്കാൻ മടിക്കില്ലെന്ന് തുർക്കി

Published : Apr 13, 2026, 12:01 PM IST
Netanyahu and Erdogan

Synopsis

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ 'നമ്മുടെ കാലത്തെ ഹിറ്റ്‌ലർ' എന്ന് തുർക്കി പ്രസിഡന്‍റ് എർദോഗൻ വിശേഷിപ്പിച്ചത് സംഘർഷം രൂക്ഷമാക്കി. ഇസ്രയേലിന്‍റെ ലെബനൻ, ഗാസ ആക്രമണങ്ങൾക്ക് പിന്നാലെ ഒരു നാറ്റോ സഖ്യകക്ഷി തന്നെ രംഗത്ത് വന്നത് പശ്ചിമേഷ്യയിൽ ഒരു മഹായുദ്ധത്തിന് വഴിവയ്ക്കുമോ എന്ന ആശങ്ക വർദ്ധിപ്പിക്കുന്നു.

 

സ്രയേൽ രാജ്യത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും വലിയ വിമ‍ർശനമാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരുന്നത്. യുഎസിന്‍റെ നേറ്റോ സൈനിക സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അംഗം കൂടിയായ തുർക്കി, ഇസ്രയേലിനും നെതന്യാഹുവിനും എതിരെ കടുത്ത ഭാഷയിൽ സംസാരിച്ച് കൊണ്ട് രംഗത്തെത്തി. ഇസ്രയേൽ അക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ റജബ് ത്വയ്യിബ് എർദോഗൻ, 'രക്തത്താൽ അന്ധനായ, നമ്മുടെ കാലത്തെ ഹിറ്റ്‌ലർ' എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിശേഷിപ്പിച്ചത്. യുഎസ് സൈനിക സഖ്യത്തിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ഒരു രാജ്യം ആദ്യമായി ഇസ്രയേലിനെതിരെ തിരിഞ്ഞത് ലോകമെങ്ങും വലിയ ആശങ്കയാണ് നിറച്ചത്, പ്രത്യേകിച്ചും യുഎസ് ഇറാൻ സംഘർഷത്തിനിടെ.

ചർച്ച തല്ലിപ്പിരിഞ്ഞു, പിന്നാലെ ഇസ്രയേൽ തുർക്കിക്കെതിരെ

ഇറാനും യുഎസും പാക് മധ്യസ്ഥതയിൽ നടത്തിയ കൂടി കാഴ്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ഇസ്രയേലും തുർക്കിയും കൊമ്പുകോർത്തത് എന്നതും ശ്രദ്ധേയം. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച സമയത്തും ലെബനണിൽ വെടിനിർത്തലില്ലെന്ന് പറഞ്ഞ നെതന്യാഹു, ലെബനണിലും ഗാസയും നിരവധി തവണ ആക്രമണം നടത്തി. ലെബനണിന്‍റെ തെക്കൻ പ്രദേശത്തെ ഗ്രാമങ്ങൾ പൂർണ്ണമായും തകർത്തെന്നും അവ ഇസ്രയേലിനോട് കൂട്ടിച്ചേർക്കുമെന്നും നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തുർക്കി ഇസ്രയേലിനെ വിമർശിച്ച് രംഗത്തെത്തി. ഒപ്പം പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു.

 

 

എന്നാൽ, സമാധന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ. തുർക്കി പ്രസിഡന്‍റ് എർദോഗൻ, ഇറാൻ പിന്തുണയുള്ള പ്രോക്സി ഗ്രൂപ്പുകൾക്ക് ഒത്താശ ചെയ്യുന്നുവെന്ന് നെതന്യാഹു ആരോപിച്ചു. ഇതിന് പിന്നാലെയാണ് എർദോഗന്‍റെ രൂക്ഷപ്രതികരണം. "എന്‍റെ നേതൃത്വത്തിൽ ഇസ്രായേൽ ഇറാന്‍റെ ഭീകര ഭരണകൂടത്തിനും അവരുടെ പ്രോക്സികൾക്കുമെതിരെ പോരാടുന്നത് തുടരും, അവരെ പിന്തുണയ്ക്കുകയും സ്വന്തം കുർദിഷ് പൗരന്മാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത എർദോഗനെപ്പോലെയല്ല," എന്നായിരുന്നു നെതന്യാഹു ശനിയാഴ്ച എക്‌സിൽ എഴുതിയത്.

 

 

ഇസ്രയേലിലേക്ക് കടക്കാൻ മടിക്കില്ലെന്ന് എർദോഗൻ

ഇതിന് മറുപടിയായി "ചെയ്ത കുറ്റകൃത്യങ്ങൾ കാരണം നമ്മുടെ കാലത്തെ ഹിറ്റ്‌ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നെതന്യാഹു, വ്യക്തമായ ട്രാക്ക് റെക്കോർഡുള്ള അറിയപ്പെടുന്ന വ്യക്തിയാണ്" എന്ന് തുർക്കി ഒരു പ്രസ്താവനയിലൂടെ പ്രതികരിച്ചു. പിന്നാലെ നെതന്യാഹുവിന്‍റെ ലക്ഷ്യം സമാധാന ചർച്ച പരാജയപ്പെടുത്തുകയാണെന്നും ഒപ്പം ഇസ്രയേലിന്‍റെ രാജ്യ വിസ്തൃതി കൂട്ടുകയാണെന്നും ഇതിന് കഴിയാതെ പോയാൽ അദ്ദേഹം സ്വന്തം രാജ്യത്ത് വിചാരണ ചെയ്യപ്പെടുമെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം കുറിച്ചു. ഇതിന് പിന്നാലെ ഒരു അന്താരാഷ്ട്രാ പരിപാടിയിൽ സംസാരിക്കവെ, 'നെതന്യാഹു വെറുപ്പും രക്തവും കൊണ്ട് അന്ധനായിരിക്കുന്നെന്നും യുഎസും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ പാകിസ്ഥാൻ മധ്യസ്ഥം വഹിച്ചില്ലായിരുന്നെങ്കിൽ ഇസ്രയേലിന് അതിന്‍റെ സ്ഥാനം തങ്ങൾ കാണിച്ച് കൊടുക്കുമായിരുന്നെന്നും എർദോഗൻ പറഞ്ഞു. ലിബിയയിലേക്കും കരാബക്കിലേക്കും തുർക്കി കടന്ന് ചെന്നത് പോലെ ഇസ്രയേലിലേക്കും കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തം കനക്കുമോ?

അതേസമയം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കൂട്ടക്കൊലയുടെയും ഭീകര ശൃംഖലയുടെയും മുഖ്യ ഭീകരൻ എന്നാണ് തുർക്കി പാർലമെന്‍റ് സ്പീക്കർ നുമാൻ കുർതുൽമസ് നെതന്യാഹുവിനെ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ എർദോഗൻ സദ്ദാം ഹുസൈന്‍റെ വഴി പിന്തുടരുകയാണെന്നും അതിന്‍റെ ഫലം എന്തായിരിക്കുമെന്ന് അദ്ദേഹം ഓർക്കണമെന്നും ഇസ്രായേൽ തിരിച്ചടിച്ചു. ഇസ്രയേലിന്‍റെ പാലസ്തീൻ, ലെബനൻ അക്രമണങ്ങൾ നിലവിലെ സമാധന ശ്രമങ്ങളെ അട്ടിമറിക്കുമെന്ന് നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് തുർക്കിയുടെ കടന്ന് വരവ്. ഒരു നേറ്റോ സഖ്യ കക്ഷി, ഇസ്രയേലിനെതിരെ ശക്തമായി രംഗത്ത് വരുന്നത് ആദ്യമായാണ്. ഇതോടെ പശ്ചിമേഷ്യൻ സംഘർഷത്തിലേക്ക് കൂടുതൽ രാജ്യങ്ങൾ പങ്ക് ചേരുമോയെന്ന ആശങ്കയിലാണ് ലോകം. അങ്ങനെ സംഭവിച്ചാൽ അതൊരു മഹായുദ്ധത്തിന് വഴിവയ്ക്കുമെന്നും ലോകം ഭയക്കുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

f(f(O))>f(O), കണക്കിലെ സമവാക്യം പങ്കുവച്ച് യുഎസിന് താക്കീതുമായി ഇറാൻ; 'ഈ എണ്ണ വിലയൊക്കെ നൊസ്റ്റാൾജിയ ആവാൻ പോവുകയാണ്'
എണ്ണവില കുതിച്ചുയരാൻ സാധ്യത! ഇറാനെ ശ്വാസം മുട്ടിക്കാൻ ഹോര്‍മൂസിൽ ട്രംപിന്റെ നാവിക ഉപരോധ ഭീഷണി, വീണ്ടും യുദ്ധകാഹളം