സ്വീഡനില്‍ ഖുറാന്‍ കത്തിച്ച സംഭവം; അഭിപ്രായ സ്വാതന്ത്ര്യമെന്ന് വിളിക്കാനാവില്ലെന്ന് തുർക്കി

Published : Jun 30, 2023, 02:13 PM IST
സ്വീഡനില്‍ ഖുറാന്‍ കത്തിച്ച സംഭവം; അഭിപ്രായ സ്വാതന്ത്ര്യമെന്ന് വിളിക്കാനാവില്ലെന്ന് തുർക്കി

Synopsis

നാറ്റോയിലേക്കുള്ള സ്വീഡന്റെ പ്രവേശനത്തെ പിന്തുണയ്ക്കുന്ന തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ തട്ടാന്‍ സ്വീഡനില്‍ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങള്‍ കാരണമാകുമെന്നാണ് അന്താരാഷ്ട സമൂഹം വിലയിരുത്തുന്നത്

ഇസ്താംബുള്‍: സ്വീഡനിൽ ഖുറാൻ വിരുദ്ധ പ്രതിഷേധത്തിനിടെ, ഖുറാൻ കത്തിക്കാനിടയായ സംഭവത്തിൽ കടുത്ത പ്രതികരണവുമായി തുർക്കി. ഇത്തരം പ്രതിഷേധങ്ങളെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് പേരിട്ട് വിളിക്കാനാവില്ലെന്ന് പ്രസിഡന്റ് തയിപ് എർദോഗൻ വിലയിരുത്തി. ഖുറാൻ വിരുദ്ധ പ്രതിഷേധത്തിന് അനുമതി നൽകിയ സ്വീഡൻ പൊലീസ് നടപടിക്ക് രൂക്ഷമായ വിമര്‍ശനമാണ് തയിപ് എർദോഗൻ നടത്തിയത്.

ധിക്കാര സ്വഭാവം കാണിക്കുന്ന പാശ്ചാത്യരെ മുസ്ലിം വിശ്വാസികളുടെ വിശുദ്ധ വസ്തുക്കള്‍ അപമാനിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്ന് പഠിപ്പിക്കുമെന്ന് ഈദ് ഉല്‍ അദ ദിവസം പാര്‍ട്ടി അംഗങ്ങളോട് സംസാരിക്കുന്നതിനിടെ എർദോഗൻ വിശദമാക്കി. ശക്തമായ രീതിയില്‍ ഇതിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും എർദോഗൻ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന് അനുമതി നല്‍കിയിരുന്നുവെങ്കിലും ഖുറാന്‍ കത്തിച്ചതിന് പിന്നാലെ പ്രതിഷേധം നടത്തിയ ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നാറ്റോയിലേക്കുള്ള സ്വീഡന്റെ പ്രവേശനത്തെ പിന്തുണയ്ക്കുന്ന തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ തട്ടാന്‍ സ്വീഡനില്‍ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങള്‍ കാരണമാകുമെന്നാണ് അന്താരാഷ്ട സമൂഹം വിലയിരുത്തുന്നത്.  

ഇസ്‌ലാമിനെതിരെയും കുർദിഷ് അവകാശങ്ങൾക്ക് വേണ്ടിയും സ്വീഡനിൽ നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഖുർആൻ വിരുദ്ധ പ്രകടനങ്ങൾക്കായുള്ള സമീപകാല അപേക്ഷകൾ അടുത്തിടെ സ്വീഡിഷ് പൊലീസ് നിരസിച്ചിരുന്നു. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ തീരുമാനങ്ങൾ അസാധുവാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ സംഘാടകനായ സൽവാൻ മോമിക ഉൾപ്പെടെ രണ്ട് പേര്‍ മാത്രമേ പങ്കെടുക്കൂ എന്നായിരുന്നു സ്റ്റോക്ഹോം പൊലീസ് അറിയിച്ചത്. ഖുർആൻ നിരോധിക്കാൻ ശ്രമിക്കുന്ന ഇറാഖി അഭയാർത്ഥി എന്നാണ് സല്‍വാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ സ്വയം വിശേഷിപ്പിച്ചത്.

ഡാനിഷ് തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ഹാർഡ് ലൈൻ നേതാവ് റാസ്മസ് പലുദാൻ കഴിഞ്ഞ ജനുവരിയിൽ സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് സമീപം ഖുർആൻ കത്തിച്ചിരുന്നു. ഇതോടെ നാറ്റോ അപേക്ഷയിൽ സ്വീഡനുമായുള്ള ചര്‍ച്ചകള്‍ തുര്‍ക്കി നിര്‍ത്തിവെച്ചിരുന്നു. കൂടാതെ, അങ്കാറയിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും സ്വീഡിഷ് എംബസിക്ക് പുറത്ത് സ്വീഡിഷ് പതാക കത്തിക്കുകയും ചെയ്തിരുന്നു. സൗദി അറേബ്യ, ജോർദാൻ, കുവൈത്ത് തുടങ്ങി നിരവധി അറബ് രാജ്യങ്ങളും ഖുർആൻ കത്തിച്ച സംഭവത്തെ അപലപിച്ചിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ