
സാൻഫ്രാൻസിസ്കോ: കമ്പനിയിലെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉടമ ഇലോൺ മസ്കിന്റെ പുതിയ തീരുമാനപ്രകാരം ട്വിറ്ററിലെ ജീവനക്കാർ സ്വന്തം ടോയ്‌ലറ്റ് പേപ്പർ ഓഫീസിലേക്ക് കൊണ്ടുവരേണ്ടി വരുമെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഉയർന്ന വേതനം ആവശ്യപ്പെട്ട് പണിമുടക്കിയ സാൻ ഫ്രാൻസിസ്കോ ആസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് മസ്ക് പുതിയ തീരുമാനം കൈക്കൊണ്ടത്.
ട്വിറ്ററിന്റെ ഓഫീസിൽ സുരക്ഷാ-ക്ലീനിങ് ജീവനക്കാരെ പിരിച്ചുവിട്ടതിനാൽ ഓഫീസിലെ ശുചിമുറിയും മറ്റും വൃത്തിഹീനമായ അവസ്ഥയിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭക്ഷണാവശിഷ്ടം ചീഞ്ഞുനാറുണ്ടെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. സീറ്റിലിലെ ഓഫിസ് കെട്ടിടത്തിന്റെ ട്വിറ്റർ വാടക നൽകുന്നത് അവസാനിപ്പിച്ചതിനെ തുടർന്ന് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ട്വിറ്ററിന് ഇപ്പോൾ സാൻ ഫ്രാൻസിസ്കോയിലും ന്യൂയോർക്കിലും മാത്രമാണ് ഓഫീസ് ഉള്ളത്. ന്യൂയോർക്കിലെ ചില ഓഫീസുകളിൽ ക്ലീനർമാരെയും സെക്യൂരിറ്റി ഗാർഡുകളെയും എലോൺ മസ്‌ക് പിരിച്ചുവിട്ടു.
200 ബില്യൺ ഡോളർ നഷ്ടപ്പെടുന്ന ആദ്യ വ്യക്തി; ഇലോൺ മസ്‌കിന് പുതിയ റെക്കോർഡ്
സാൻ ഫ്രാൻസിസ്കോ ഓഫീസിലെ ജീവനക്കാർക്കായി ട്വിറ്റർ കിടപ്പുമുറികൾ സജ്ജീകരിച്ചതും വിവാദമായി. കമ്പനിയുടെ കോൺഫറൻസ് റൂമുകൾ ജീവനക്കാർക്കുള്ള കിടപ്പുമുറികളാക്കി മാറ്റിയെന്ന പരാതിയെത്തുടർന്ന് ട്വിറ്റർ ആസ്ഥാനത്ത് പരിശോധന നടത്തുമെന്ന് കെട്ടിട പരിശോധന വകുപ്പിന്റെ വക്താവിനെ ഉദ്ധരിച്ച് സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തിരുന്നു. ശതകോടീശ്വരനായ എലോൺ മസ്‌ക് 44 ബില്യൺ ഡോളറിന്റെ ഇടപാടിൽ കമ്പനിയെ ഏറ്റെടുത്തതുമുതൽ ട്വിറ്റർ സ്ഥിരമായി മാധ്യമ തലക്കെട്ടുകളിൽ ഇടം നേടിയിരുന്നു. കൂട്ട പിരിച്ചുവിടലിനെ തുടർന്നാണ് ആദ്യം വിവാദത്തിലായത്.
എലോൺ മസ്കിന്റെ കൈയ്യിൽ ട്വിറ്റർ സുരക്ഷിതമല്ലെന്ന് ട്വിറ്ററിന്റെ മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി യോയൽ റോത്ത് പ്രതികരിച്ചിരുന്നു . കമ്പനിയിൽ നിന്ന് രാജിവെച്ചതിന് ശേഷമുള്ള റോത്തിന്റെ ആദ്യ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. ട്വിറ്ററിലെ പുതിയ തൊഴിൽ സംസ്കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിന് ജീവനക്കാർ കമ്പനിയ്ക്ക് രാജിക്കത്ത് നല്കിയതിന് പിന്നാലെ ആയിരുന്നു ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam