
കോപ്പൻഹേഗ്:വനമേഖലയിലെ റെയിൽ പാളത്തിൽ മുഖാമുഖം കൂട്ടിയിടിച്ച് ട്രെയിനുകൾ. ഡെൻമാർക്കിലെ കോപ്പൻഹേഗിൽ വലിയ അപകടം. എതിർ ദിശയിലെത്തിയ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6:30 ഓടെയായിരുന്നു സംഭവം. ഹില്ലെറോഡ്, കാഗറപ്പ് എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിലാണ് രണ്ട് പ്രാദേശിക ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്. വനമേഖലയിൽ വെച്ചുണ്ടായ അപകടമായതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയായിരുന്നു. ആംബുലൻസുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ട്രെയിനിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും എല്ലാവരെയും പുറത്തെത്തിച്ചതായും അധികൃതർ വിശദമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ പാതയിലെ സിഗ്നൽ സംവിധാനത്തിലുണ്ടായ പാളിച്ചയാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചു വരികയാണ്. ഈ മേഖലയിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അപകടത്തിൽ ട്രെയിനുകളുടെ ബോഗികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകട സമയത്ത് ട്രെയിനിൽ 38 പേരുണ്ടായിരുന്നതായാണ് വിവരം. കോപ്പൻഹേഗിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam