
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് ഗുരുതര പരിക്ക്. നാഷനൽ ഗാർഡ്സ് അംഗങ്ങളാണ് പരിക്കേറ്റ സൈനികർ. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാൾക്കു പരുക്കുണ്ട്. വെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്‌തമാക്കുകയും ചെയ്‌തിട്ടുണ്ട്. അക്രമി നേരെയെത്തി വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റ സൈനികരിൽ ഒരാൾ സ്ത്രീയാണ്. വെസ്റ്റ് വെർജീനിയ സ്വദേശികളാണ് ഇരുവരും. അക്രമിയെ കസ്റ്റഡിയിൽ എടുത്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിശദമാക്കി. 2021 ൽ അമേരിക്കയിൽ എത്തിയ 29 കാരനായ അഫ്ഗാൻ പൗരനാണ് അക്രമിയെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാൾ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നാണ് വിലയിരുത്തൽ. വെറ്റ് ഹൗസിൽ നിന്ന് ഏറെ അകലെയല്ലാതെയുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവയ്പുണ്ടായത്. 10 മുതൽ 15 തവണയാണ് അക്രമി വെടിയുതിർത്തത്. രണ്ട് സൈനികർക്കും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്.
നേരത്തെ വെസ്റ്റ് വെർജീനിയ ഗവർണർ പാട്രിക് മോറിസെ സൈനികർ രണ്ട് പേരും കൊല്ലപ്പെട്ടതായി പ്രതികരിച്ചിരുന്നു. വൈറ്റ് ഹൗസ് പരിസരത്തേക്ക് 500 നാഷണൽ ഗാർഡിനെ അയയ്ക്കണമെന്ന് ഡൊണാൾഡ് ട്രംപ് വിശദമാക്കിയെന്നാണ് ഡിഫൻസ് സെക്രട്ടറി പീറ്റെ ഹെഗ്സേത്ത് വിശദമാക്കിയത്. സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണം ആയാണ് സംഭവത്തെ പൊലീസ് വിലയിരുത്തുന്നത്. വെടിവയ്പ് നടക്കുന്ന സമയത്ത് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം