
ടോക്കിയോ: ജപ്പാനിൽ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. കാണാതായ 17 പേര്‍ക്കായി തെരച്ചിൽ തുടരുകയാണ്. ചുഴലിക്കാറ്റു മൂലമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുഴകൾ കരകവിയുകയാണ്. നൂറിലധികം പേർക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ട്.
കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ചിലയിടങ്ങളിൽ ഉരുൾപ്പൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരിതബാധിത മേഖലയിൽ നിന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്കം കാരണം റഗ്ബി ലോകകപ്പിലെ നിരവധി മത്സരങ്ങൾ റദ്ദാക്കി.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് ജപ്പാനിലെ പ്രധാന ദ്വീപായ ഹോൻഷൂവിൽ ഹാഗിബിസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 225 കിലോ മീറ്ററിർ വേഗതയിലാണ് കാറ്റ് വീശിയത്. 60 വർഷത്തിനിടെ ജപ്പാനിലുണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹാഗിബിസ്. 31,000 സെനികരാണ് രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്.
വീടുകൾക്കുള്ളിലും മേൽക്കൂരകളിലും മറ്റുമായി കുടുങ്ങി കിടക്കുന്നവരെ ഹെലികോപ്റ്ററിന്റെയും ബോട്ടുകളുടെയും സഹായത്തോടെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ വെള്ളപ്പൊക്കത്തിൽ മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിവിധ അഭയകേന്ദ്രങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് കഴിയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam