
ഫിലിപ്പീൻസിലെ പ്രധാന ദ്വീപായ ലൂസോണിൽ അതിതീവ്ര ചുഴലിക്കാറ്റായ ഹങ്-വോങ് ആഞ്ഞടിച്ചതോടെ കനത്ത നാശം. ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഉണ്ടാക്കിയ ദുരന്തത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്ത് ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചെന്നും ദുരന്തത്തെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. അറോറ പ്രവിശ്യയിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപുകളിലൊന്നായ ലൂസോണിൽ അടിയന്തരാവസ്ഥയടക്കം പ്രഖ്യാപിച്ചാണ് ചുഴലിക്കാറ്റിനെ നേരിട്ടത്.
185 മുതൽ 230 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ആഞ്ഞടിച്ചെന്നാണ് ഫിലിപ്പീൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ പറയുന്നത്. ഇതോടൊപ്പം ശക്തമായ മഴയും പ്രദേശത്ത് അനുഭവപ്പെട്ടു. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിരവധി പ്രദേശങ്ങൾ ജലം കയറി വെള്ളത്തിനടിയിലായി. ഇസബെല പ്രവിശ്യയിലെ സാന്റിയാഗോയിൽ ധാരാളം വീടുകൾ തകർന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ മുൻകരുതൽ നടപടികളാണ് കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കിയത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം കേരളത്തിൽ നിന്നുള്ള വാർത്ത ഇടവേളക്ക് ശേഷം തുലവർഷം കനത്തതോടെ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു എന്നതാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രാത്രി ഇടുക്കിയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരമാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. രാത്രി 10 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിനൊപ്പം തന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
റഡാൽ ചിത്രം പ്രകാരമുള്ള അറിയിപ്പ്
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.