സംഭവത്തിൽ ആളപായമില്ലെന്നും എന്നാൽ കനത്ത നാശനഷ്ടമുണ്ടായെന്നുമാണ് ബഹ്റൈന്റെ പ്രതികരണം. നിരവധി മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചെന്നും സാധാരണക്കാർ താമസിക്കുന്ന മേഖലകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയത് ഹീനമായ ആക്രമണമാണെന്നും ബഹ്റൈൻ കുറ്റപ്പെടുത്തി. സുരക്ഷാ സ്ഥിതി​ഗതികൾ സാധാരണനിലയിലായെന്നും ബഹ്റൈൻ അറിയിച്ചു.

മനാമ: ബഹ്റൈന് നേരേ ഇറാൻ ആക്രമണം. മനാമയിലെ വ്യവസായ മേഖലയിലേക്കാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ മനാമയിലെ വ്യവസായ കേന്ദ്രത്തിന് തീപിടിച്ചു. സംഭവത്തിൽ ആളപായമില്ലെന്നും എന്നാൽ കനത്ത നാശനഷ്ടമുണ്ടായെന്നുമാണ് ബഹ്റൈന്റെ പ്രതികരണം. നിരവധി മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചെന്നും സാധാരണക്കാർ താമസിക്കുന്ന മേഖലകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയത് ഹീനമായ ആക്രമണമാണെന്നും ബഹ്റൈൻ കുറ്റപ്പെടുത്തി. സുരക്ഷാ സ്ഥിതി​ഗതികൾ സാധാരണനിലയിലായെന്നും ബഹ്റൈൻ അറിയിച്ചു.

ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ പ്രതികരണം. ഷെയ്ഖ് ഈസ, ജുഫൈർ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളാണ് ലക്ഷ്യമിട്ടത്. ബഹ്റൈനിലെ യുഎസ് സൈനിക താവളങ്ങളിലെ വ്യോമപ്രതിരോധ റഡാറുകൾ മിസൈലുകളും ഡ്രോണുകളും ഉപയോ​ഗിച്ച് തകർത്തതായും ഇറാൻ അവകാശപ്പെട്ടു.

പേർഷ്യൻ ​ഗൾഫിൽ അമേരിക്കയുടെ എഫ് 16 യുദ്ധവിമാനം തകർത്തതായും ഇറാൻ അവകാശപ്പെട്ടു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോ​ഗിച്ചാണ് അമേരിക്കൻ യുദ്ധവിമാനം മിസൈലുകൾ തൊടുക്കുന്നതിന് മുൻപ് തന്നെ ആക്രമിച്ചതെന്ന് ഇറാന്റെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മിസൈൽ ആക്രമണത്തെത്തുടർന്ന് യുഎസ് പൈലറ്റിന് ദൗത്യത്തിൽനിന്ന് പിന്മാറി തൊട്ടടുത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്നു. മിസൈൽ ആക്രമണത്തിൽ വിമാനത്തിന് കേടുപാടുണ്ടായെന്നും ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഏത് വിമാനത്താവളത്തിലാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയതെന്നോ മറ്റുവിവരങ്ങളോ ഇറാൻ വെളിപ്പെടുത്തിയില്ല. അതേസമയം, യുഎസ് യുദ്ധവിമാനം ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം യുഎസ് നിഷേധിച്ചു. ഇറാന്റെ അവകാശവാദം തീർത്തും തെറ്റാണെന്നും കഴിഞ്ഞദിവസം യുഎസിന്റെ സൈനിക വിമാനത്തിന് നേരേ ഇറാൻ ആക്രമണം നടത്തിയിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ എല്ലാ അമേരിക്കൻ യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ശനിയാഴ്ച ഹോർമുസിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരേ ആക്രമണമുണ്ടായി. ഹോർമുസിലെ മൈനിൽ തട്ടിയാണ് ഒരു കപ്പലിന് തീപിടിച്ചത്. മറ്റൊരു കപ്പലിന് നേരേയും ആക്രമണമുണ്ടായി.